കൊച്ചി: ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ ജാമ്യ ഹരജി ഹൈകോടതിയിൽ പുതിയ ബെഞ്ച് പരിഗണിക്കും. അഴിമതി നിരോധന നിയമത്തിന്റെ പരിധിയിലുള്ള കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചിൽ വെള്ളിയാഴ്ച ഹരജി വന്നെങ്കിലും കള്ളപ്പണ നിരോധന നിയമത്തിന്റെ കീഴിൽ വരുന്നതായതിനാൽ പരിഗണിച്ചില്ല.
അഴിമതി നിരോധന പ്രകാരമുള്ള വകുപ്പുകളല്ല ശിവശങ്കറിനെതിരെയുള്ളതെന്ന് കോടതി പറഞ്ഞു. കള്ളപ്പണ നിരോധന നിയമ പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന ബെഞ്ചിൽ തിങ്കളാഴ്ച ലിസ്റ്റ് ചെയ്യാൻ രജിസ്ട്രിക്ക് നിർദേശം നൽകിയ കോടതി ഹരജി മാറ്റി.
ആരോപണങ്ങളിൽ കഴമ്പില്ലെന്നും ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ശിവശങ്കറിന്‍റെ ഹരജി. മാർച്ച് രണ്ടിന് അഡീ. സെഷൻസ് കോടതി ജാമ്യ ഹരജി തള്ളിയിരുന്നു. ഫെബ്രുവരി 14നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. 24 വരെ ഇ.ഡി.യുടെ കസ്റ്റഡിയിലായിരുന്ന ഇദ്ദേഹത്തിന്‍റെ ജുഡീഷ്യൽ കസ്റ്റഡി മാർച്ച് 21 വരെ നീട്ടിയിരിക്കുകയാണ്.