കല്‍പ്പറ്റ: ജില്ലയില്‍ ആരോഗ്യവിഭാഗം നടത്തിയ ജീവിത ശൈലീ രോഗ നിര്‍ണ്ണയത്തില്‍ 6.18 ശതമാനം പേര്‍ക്ക് (26,604) കാന്‍സര്‍ രോഗലക്ഷണം കണ്ടെത്തി. 20.85 ശതമാനം പേര്‍ (89,753) ഏതെങ്കിലുമൊരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പിലാണ്. 11.80 ശതമാനം പേര്‍ക്ക് (50,805) രക്താതിമര്‍ദവും 6.59 ശതമാനം പേര്‍ക്ക് (28,366) പ്രമേഹവും 3.16 ശതമാനം പേര്‍ക്ക് (13,620) ഇവ രണ്ടും ഉള്ളതായും കണ്ടെത്തി.
ജില്ലയില്‍ 30 വയസ്സിന് മുകളിലുള്ള 4,38,581 ജനസംഖ്യയില്‍ 4,30,318 പേരെയും സ്‌ക്രീനിങ്ങിന് വിധേയരാക്കി. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള റിസ്‌ക് വിഭാഗത്തില്‍ സംസ്ഥാന ശരാശരിയെക്കാള്‍ മുന്നിലാണ് വയനാട്. 19.13 ശതമാനം പേരാണ് സംസ്ഥാനത്ത് റിസ്‌ക് ഗ്രൂപ്പിലുള്ളത്.
സംസ്ഥാനത്ത് ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യവകുപ്പ് നടപ്പാക്കിയ ‘അല്‍പ്പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്‍റെ ഭാഗമായാണ് സ്‌ക്രീനിങ് നടത്തിയത്. ഇ – ഹെല്‍ത്ത് രൂപകല്പന ചെയ്ത ശൈലീ ആപ്പിന്‍റെ സഹായത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് വീട്ടിലെത്തിയാണ് സ്‌ക്രീനിങ് നടത്തിയത്.
ജീവിത ശൈലീ രോഗങ്ങളും കാന്‍സറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീര്‍ണമാകാതെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. ഇതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും സ്‌ക്രീനിങ് നടന്ന് വരികയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. എല്ലാവര്‍ക്കും കാന്‍സര്‍ ചികിത്സ ഉറപ്പുവരുത്തുന്നതിന് കാന്‍സര്‍ ഗ്രിഡിന്‍റെ മാപ്പിങ് സംസ്ഥാനത്തുട നീളം നടപ്പാക്കി വരുന്നുണ്ട്.