തിരുവനന്തപുരം: വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ കേസിൽ സാക്ഷിയായ തിരുവനന്തപുരം കെമിക്കൽ ലബോറട്ടറിയിലെ അസി.കെമിക്കൽ എക്സാമിനർ അശോക് കുമാർ കൂറുമാറി. ലിഗയുടെ ശരീരത്തിൽ കണ്ടെത്തിയ വെള്ളം പരിശോധിച്ചാൽ മുങ്ങിമരിക്കുന്ന ഒരാളിൽ കണ്ടെത്തുന്ന ഘടകങ്ങൾ ഉണ്ടായിരുന്നതായി ഇദ്ദേഹം കോടതിയിൽ മൊഴി നൽകി. ലിഗയുടെ ശരീരത്തിൽ കണ്ടെത്തിയ ഏകകോശ ജീവികളും ആറ്റിലെ വെള്ളത്തിലെ ഏകകോശ ജീവികളും സമാനമായിരുന്നു. സാധാരണ മുങ്ങിമരണത്തിൽ ഇത്തരം അവസ്ഥകൾ കാണാറുണ്ടെന്നും അതിനാൽ മുങ്ങിമരണ സാധ്യത തള്ളാൻ കഴിയില്ലെന്നും സാക്ഷി മൊഴി നൽകി. പ്രോസിക്യൂഷന് നൽകിയ മൊഴിക്ക് വിരുദ്ധമാണിത്.
ലിഗയുടെ ശരീരത്തിൽ നിന്നു പ്രതികളുടെ ബീജം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും സാക്ഷി പറഞ്ഞു. ബീജത്തിന്‍റെ സാന്നിധ്യം ഉണ്ടെങ്കിൽ സാധാരണ ഒരു വർഷം വരെയും മരിച്ച വ്യക്തിയുടെ ശരീരത്തിൽ കാണാൻ സാധിക്കുമെന്നും മൊഴി നൽകി. ഇതേ മൊഴി തന്നെയല്ലേ നിങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ ചോദിച്ചപ്പോഴും പറഞ്ഞതെന്ന് പ്രതിഭാഗം അഭിഭാഷകരായ ദിലീപ് സത്യൻ, മൃദുൽ ജോൺ മാത്യു എന്നിവർ ചോദിച്ചപ്പോൾ അതേ എന്നായിരുന്നു മറുപടി.
മൊഴി പ്രോസിക്യൂഷൻ വാദത്തിന് എതിരായതിനാൽ ഉദ്യോഗസ്ഥനെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. തുടർന്നാണ് സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. രണ്ടാമത്തെ സാക്ഷിയാണ് കേസിൽ കൂറുമാറുന്നത്. ഏഴാം സാക്ഷിയായിരുന്ന കച്ചവടക്കാരനും നേരത്തേ മൊഴി മാറ്റിയിരുന്നു.
ലിഗയുടെ പോസ്റ്റ് മോർട്ടം നടത്തിയ പൊലീസ് സർജൻ ഡോ. ശശികലയെ വിസ്തരിക്കാൻ ബുധനാഴ്ച തീരുമാനിച്ചിരുന്നെങ്കിലും അവർ ഹാജരായില്ല. 2018 മാർച്ച് 14 ന് കോവളത്ത് എത്തിയ ലിഗയെ പ്രതികൾ സമീപത്തുള്ള കുറ്റിക്കാട്ടിൽ കൂട്ടിക്കൊണ്ടുപോയി ലഹരി വസ്‌തു നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. സമീപവാസികളായ ഉദയൻ, ഉമേഷ് എന്നിവരാണ് കേസിലെ പ്രതികൾ.