കോഴിക്കോട്: കൊയിലാണ്ടി ഹാർബറിൽ നങ്കൂരമിട്ട മത്സ്യബന്ധന വഞ്ചിയിൽ ഇടിമിന്നലേറ്റ് നാല് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്. അഞ്ച് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങൾ ഇടിമിന്നലിൽ നശിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഗുരുകൃപ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളായ നിജു, സന്തോഷ്, പ്രസാദ് ശൈലേഷ്, എന്നിവർക്കാണ് പരുക്കേറ്റത്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നിജുവിന്റെ കാലിന്റെ എല്ലിന് പൊട്ടലേറ്റിട്ടുമുണ്ട്. ബോട്ടിൽ നിന്നും പിടിച്ച മത്സ്യം നീക്കുന്നതിനിടയിലാണ് ഇവര്‍ക്ക് മിന്നല്‍ ഏൽക്കുന്നത്. വലിയപുരയിൽ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗുരുകൃപ ബോട്ട്. ബോട്ടിലുണ്ടായിരുന്ന ബാറ്ററി, ഡൈനാമോ, വയർലെസ് സെറ്റ്, എക്കൊ സൗണ്ടർ ക്യാമറ തുടങ്ങിയവയാണ് കത്തിനശിച്ചത്.
സംസ്ഥാനത്ത് ഒക്ടോബര്‍ 16 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ നല്‍കി. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്.