കൊച്ചി : സംവിധായകൻ ലിജു കൃഷ്ണക്കെതിരെ ലൈംഗിക പീഡനപരാതി ഉയർന്ന സാഹചര്യത്തിൽ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്ക. ലിജു കൃഷ്ണ സംഘടനയിൽ താൽക്കാലികമായി എടുത്ത അംഗത്വം റദ്ദാക്കിയെന്നും ഫെഫ്ക അറിയിച്ചു. സഹപ്രവർത്തകയാണ് ലിജു കൃഷ്ണയ്ക്കെതിരേ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കണ്ണൂരിൽ ഷൂട്ടിങ് പുരോഗമിക്കുന്ന, നിവിൻ പോളി, സണ്ണി വെയ്ൻ തുടങ്ങിയവർ അഭിനയിക്കുന്ന ‘പടവെട്ട്’ സിനിമയുടെ സംവിധായകനാണ് ലിജു. വിമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന പേജിലൂടെ പീഡനത്തിനിരയായ യുവതി കഴിഞ്ഞ ദിവസം രംഗത്ത് വന്നു. 2020-2021 വരെയുള്ള കാലഘട്ടത്തിലാണ് പീഡനം നടന്നതെന്നും അക്കാലമത്രയും ബലം പ്രയോഗിച്ച് എന്നെ മാനസികവും ശാരീരികവും ലൈംഗികമായി മുതലെടുപ്പ് നടത്തിയെന്നും യുവതി പറയുന്നു. 2021 ജനുവരിയിൽ ഗർഭിണിയാണെന്നറിയുകയും ഗർഭച്ഛിദ്ദം നടത്തുകയും അതിന് പിന്നാലെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂർണമായി തകരുകയും ചെയ്തുവെന്നും യുവതി പറഞ്ഞു.
”സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവരെ ബന്ധപ്പെട്ടെങ്കിലും അത് ഫലം കണ്ടില്ല. ലിജു കൃഷ്ണ, മറ്റുള്ളവരുടെ കണ്ണിൽ ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായി ഈ ബന്ധത്തെ ചിത്രീകരിക്കുകയും എന്നെ നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നതിലൂടെ എന്റെ ആത്മാഭിമാനവും ജീവിതം തുടരാനുള്ള ആഗ്രഹവും ഇല്ലാതെയാക്കി.”- യുവതി വ്യക്തമാക്കുന്നു. സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി.യുമായാണ് യുവതി ആദ്യം ബന്ധപ്പെട്ടത്. തുടർന്ന് ഡബ്ല്യു.സി.സി. ഭാരവാഹികൾ കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. കമ്മിഷണറുടെ നിർദേശപ്രകാരം കേസെടുത്ത ഇൻഫോപാർക്ക് പേലീസ് യുവതിയേയും ഡബ്ല്യു.സി.സി. ഭാരവാഹികളെയും വിളിച്ചുവരുത്തി മൊഴിയെടുത്തു. പടവെട്ടിന്റെ ചിത്രീകരണം നടക്കുമ്പോഴാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കണ്ണൂരിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.