വൈറ്റമിൻ സി യുടെ കലവറയാണ് നാരങ്ങ. ഇത് കാൽസ്യത്തിന്റെ ആഗിരണം മെച്ചപ്പെടുത്തുന്നു. ഉന്മേഷം നൽകുന്ന, ക്ഷീണമകറ്റുന്ന മികച്ച ഒരു പാനീയമാണ് നാരങ്ങാ വെള്ളം. എന്നാൽ വൃക്കരോഗികൾ ഇത് ഒഴിവാക്കേണ്ടതാണോ? നാരങ്ങാ വെള്ളം വൃക്കരോഗികൾക്കു കുടിക്കാമോ? അറിയാം.
രക്തത്തിലെ ടോക്‌സിനുകളും മറ്റും പുറന്തള്ളുന്ന ജോലിയാണ് വൃക്കകൾക്കുള്ളത്. രക്തസമ്മർദം നിയന്ത്രിക്കുന്നതിലും ഇവ ഒരു പങ്കു വഹിക്കുന്നു. എല്ലുകളുടെ ആരോഗ്യം നിയന്ത്രിക്കുന്നതിലും കെമിക്കലുകളായ ക്രിയാറ്റിനിൻ, യൂറിക് ആസിഡ് ഇവയുടെ അളവ് നിയന്ത്രിക്കുന്നതിലും വൃക്കൾക്കു പങ്കുണ്ട്.
വൃക്കകൾക്ക് രക്തം അരിക്കാൻ കഴിയാതെ വരുമ്പോഴാണ് ഗുരുതരമായ വൃക്കരോഗം വരുന്നത്. അതായത് ടോക്‌സിനുകളും മാലിന്യങ്ങളുമെല്ലാം രക്തത്തിൽ അടിഞ്ഞുകൂടും. ഇത് പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്ക്കും കാരണമാകും. വൈറ്റമിൻ സി, ആന്റി ഓക്‌സിഡന്റുകൾ, സിട്രിക് ആസിഡ് ഇവ ധാരാളം അടങ്ങിയ നാരങ്ങ വെള്ളം ഗുരുതരമായ വൃക്കരോഗം ബാധിച്ചവർ കുടിക്കുന്നതു കൊണ്ട് ദോഷമൊന്നുമില്ല. ക്രിയാറ്റിനിൻ ലെവൽ കുറയ്ക്കുന്നതിൽ നാരങ്ങാവെള്ളത്തിന് കാര്യമായ പങ്കില്ല. എന്നാൽ അതിന്റെ അളവ് കൂട്ടുന്നുമില്ല. നമ്മുടെ പേശികൾക്കുണ്ടാകുന്ന കേടുപാടുകളുടെ ഒരു ഉപോൽപന്നമാണ് ക്രിയാറ്റിനിൻ.
വൃക്കകൾ നീക്കം ചെയ്യുന്ന ക്രിയാറ്റിനിന്റെ അളവിനെ ക്രിയാറ്റിനിൻ ക്ലിയറൻസ് എന്നാണ് പറയുക. ആരോഗ്യമുള്ള ഒരു വ്യക്തിയിൽ (സ്ത്രീകളിൽ) ഇത് മിനിറ്റിൽ 95 മി. ലിറ്ററും. പുരുഷന്മാരിൽ മിനിറ്റിൽ 120 മി. ലിറ്ററും ആണ്. ഇതിന്റെ തോത്, പ്രായം, വൃക്കകളുടെ വലുപ്പം, ആരോഗ്യം ഇതെല്ലാം ആശ്രയിച്ചിരിക്കും ക്രിയാറ്റിനിൻ ക്ലിയറൻസ്. നാരങ്ങാ വെള്ളം കുടിക്കുന്നത് മൂലം ക്രിയാറ്റിനിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നില്ല.
നാരങ്ങ വൃക്കകൾക്ക് ദോഷകരമോ?
നാരങ്ങാവെള്ളമോ നാരങ്ങാ ജ്യൂസോ കുടിക്കുന്നത് വൃക്കരോഗികളിൽ സ്ഥിതി ഗുരുതരമാക്കില്ല. എന്നാൽ കൂടിയ അളവിൽ ചെന്നാൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. നാരങ്ങാ വെള്ളം അധികം കുടിച്ചാൽ ഓക്കാനം, ഛർദ്ദി, അതിസാരം തുടങ്ങിയവ ഉണ്ടാകാം. ഇത് ഡൈയൂറെറ്റിക് ആയതുകൊണ്ട് ശരീരത്തിലെ ഫ്ലൂയിഡിന്റെ വിസർജനം കൂടുന്നു. ഇത് ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ കാരണമാകുന്നു.
നാരങ്ങാവെള്ളം എപ്പോൾ കുടിക്കണം ?
നാരങ്ങാ വെള്ളം കുടിക്കാൻ കൃത്യമായ സമയം ഒന്നുമില്ല. എങ്കിലും ശരീരത്തിന് ഒരു ആൽക്കലൈൻ എൻവയൺമെന്റ് ഉണ്ടാകുന്നതിനാൽ രാവിലെ വെറുംവയറ്റിൽ കുടിക്കുന്നതാണ് നല്ലത്. ഉറങ്ങി എണീറ്റയുടനെ, ശരീരം ഡീടോക്‌സിഫൈ ചെയ്യുമ്പോൾ ആൽക്കലൈൻ ആയ പാനീയം കുടിക്കുന്നത് പി എച്ച് ബാലൻസ് നിലനിർത്താൻ സഹായിക്കും. നാരങ്ങാ വെള്ളം ഇഞ്ചിയും തേനും ചേർത്ത് കുടിക്കാം. നാരങ്ങാ വെള്ളത്തിലടങ്ങിയ ആന്റി ഓക്‌സിഡന്റുകളും ആന്റി മൈക്രോബിയൽ കണ്ടന്റും വൃക്കകളുടെ ആരോഗ്യകരമായ പ്രവർത്തനത്തിനു സഹായിക്കും.