കൊളസ്ട്രോള്‍ നമുക്കറിയാം ഒരു ജീവിതശൈലീരോഗമെന്ന നിലയിലാണ് ഏവരും കണക്കാക്കാറ്. എന്നാല്‍ കേവലം ജീവിതശൈലീരോഗമെന്ന നിലയില്‍ കൊളസ്ട്രോളിനെ നിസാരവത്കരിക്കാൻ സാധിക്കുകയേ ഇല്ല. കാരണം ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങി പല ഗുരുതരമായ അവസ്ഥകളിലേക്കും ക്രമേണ കൊളസ്ട്രോള്‍ സാധ്യതകള്‍ ചൂണ്ടുന്നുണ്ട്.
അതുപോലെ തന്നെ നിത്യജീവിതത്തിലും പല ആരോഗ്യപ്രശ്നങ്ങളിലേക്കും കൊളസ്ട്രോള്‍ സാധ്യതകളൊരുക്കുന്നു. ഇത്തരത്തില്‍ അധികപേരും അറിയാതെ പോകുന്ന, കൊളസ്ട്രോളിന്‍റെ ഒരു പരിണിതഫലമാണ് മുടി കൊഴിച്ചിലും നരയുമെന്ന് വിശദീകരിക്കുകയാണൊരു പഠനം.
‘സയന്‍റിഫിക് റിപ്പോര്‍ട്ട്സ്’ എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. എലികളിലാണ് ഗവേഷകര്‍ ഈ പഠനത്തിനുള്ള പരീക്ഷണം നടത്തിയത്.
ഒരുകൂട്ടം എലികള്‍ക്ക് ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷണം പതിവായി കൊടുത്തുനോക്കി. അതേസമയം മറ്റൊരു കൂട്ടം എലികള്‍ക്ക് സാധാരണ ഭക്ഷണവും പതിവായി നല്‍കി. ഇതില്‍ കൊഴുപ്പ് കാര്യമായി അടങ്ങിയ എലികളില്‍ ക്രമേണ രോമം കൊഴിഞ്ഞുപോകുന്ന അവസ്ഥയും നര വരുന്ന സാഹചര്യവും കാണാനായി എന്നാണ് പഠനം വിശദീകരിക്കുന്നത്.
എന്ന് മാത്രമല്ല- പതിയെ കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിച്ച എലികള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
എന്തുകൊണ്ടാണ് കൊളസ്ട്രോള്‍ മുടി കൊഴിച്ചിലിലേക്കും നരയിലേക്കുമെല്ലാം നയിക്കുന്നത് എന്നതിന് പല ഉത്തരങ്ങളാണ് ഈ പഠനത്തിലൂടെ ഗവേഷകര്‍ നല്‍കുന്നത്. ഇതേ നിരീക്ഷണങ്ങളുമായി നേരത്തെയും പല പഠനറിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.
അതായത് കൊളസ്ട്രോള്‍ നമ്മുടെ ഹെയര്‍ ഫോളിക്കിളുകളെ തന്നെ ക്രമേണ തകരാറിലാക്കുകയാണത്രേ. എന്നുവച്ചാല്‍ മുടി വളര്‍ന്നുതുടങ്ങുന്ന അതിന്‍റെ വേരില്‍ തന്നെ പ്രശ്നം പറ്റുന്നു. ഇതോടെ പുതിയ മുടി വരുന്നതേ ഇല്ലാതാകുന്നു. മുടിയുടെ ആകെ ആരോഗ്യവും ഇതോടെ നശിക്കുന്നു. മുടി മാത്രമല്ല ചര്‍മ്മത്തിന്‍റെ ആരോഗ്യവും ഇക്കൂട്ടത്തില്‍ ബാധിക്കപ്പെടുന്നതായാണ് ഗവേഷകര് ചൂണ്ടിക്കാട്ടുന്നത്.
കൊളസ്ട്രോളുള്ളവരില്‍ ‘Cicatrical Alopecia’ എന്ന മുടിയെ ബാധിക്കുന്ന പ്രശ്നം കൂടുതലായി കണ്ടെത്തപ്പെട്ടിട്ടുണ്ട്. മുടി വളര്‍ച്ചയെ എന്നത്തേക്കുമായി ബാധിക്കുന്നൊരു പ്രശ്നമാണിത്.
അതുപോലെ തന്നെ കൊളസ്ട്രോള്‍ കൂടുമ്പോള്‍ രക്തക്കുഴലുകളില്‍ അത് അടിഞ്ഞുകിടന്ന് രക്തയോട്ടം ബാധിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ അതും മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇങ്ങനെയും മുടി കൊഴിച്ചിലും നരയുമെല്ലാം പെട്ടെന്ന് ബാധിക്കപ്പെടുന്നു. കൊളസ്ട്രോള്‍ മൂലമുള്ള മുടി കൊഴിച്ചില്‍ കാര്യമായി കാണുന്നത് പുരുഷന്മാരിലാണെന്നും പഠനം വിശദീകരിക്കുന്നു.