പയ്യന്നൂർ: ഒരു രാജ്യം, ഒരു വോട്ടർ പട്ടിക, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ നമ്മൾ എതിർക്കുകയാണെങ്കിലും കള്ളവോട്ട് തടയാൻ വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നത് ഒരു പരിധി വരെ സഹായകമാണെന്ന് സമ്മതിച്ചേ മതിയാകൂവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ജനാധിപത്യത്തെ അട്ടിമറിച്ച് വിജയം നേടാൻ ആഗ്രഹിക്കുന്നവരാണ് വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുന്നതെന്നും അതൊഴിവാക്കാൻ ബി.എൽ.ഒമാർ വിചാരിച്ചാൽ മാത്രമെ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ബൂത്ത് ലെവൽ ഓഫിസേർസ് അസോസിയേഷൻ (ബി.എൽ.ഒ.എ) ജില്ല സമ്മേളനം പയ്യന്നൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പട്ടാളക്കാരൻ രാജ്യത്തെ സ്നേഹിക്കുന്നതുപോലെ ജനാധിപത്യ രാജ്യം നിലനിൽക്കുന്നതിൽ ബി.എൽ.ഒ.മാർക്കും വലിയ ഉത്തരവാദിത്തമുണ്ട്. അവർ രാഷ്ട്രീയത്തിനതീതമായി ചിന്തിക്കണം. പല സമ്മർദ്ദങ്ങൾക്കും വിധേയമായിട്ടാണ് ബി.എൽ.ഒമാർ പ്രവർത്തിക്കേണ്ടി വരുന്നത്. എന്നാലും കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കുന്നതിൽ ഇവരുടെ ആത്മാർത്ഥയെ പ്രശംസിക്കുന്നു -എം.പി. പറഞ്ഞു.
നഗരസഭ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ മണിയറ ചന്ദ്രൻ, പി.വി. സഹീർ മാസ്റ്റർ, കെ.വി. രാധാകൃഷ്ണൻ, ജില്ലാ രക്ഷാധികാരി കെ.പി. ബാലകൃഷ്ണൻ, എ.കെ. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, എം.കെ. അശോക് കുമാർ, വി.വി. മോഹനൻ, പവിത്രൻ കുഞ്ഞിമംഗലം, കെ. രവീന്ദ്രൻ, ഫാത്തിമ ബിന്ദു നോബർട്ട് ടീച്ചർ, പി. അജിതകുമാരി ടീച്ചർ എന്നിവർ സംസാരിച്ചു. സംസ്ഥാന ജോ. സെക്രട്ടറി ജി.ആർ. ജയകുമാർ സംഘടനാ റിപ്പോർട്ടും കെ.പി. ബാലചന്ദ്രൻ വാർഷിക റിപ്പോർട്ടും രമേശ് ടി. പിണറായി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കൗൺസിലർ വിനോദ് കുമാർ കാസർകോട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.