ലണ്ടന്‍ : കൊവിഡ് ബാധ തന്നെ സാരമായി ബാധിച്ചുവെന്ന് അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസി. കൊവിഡ് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. കളിക്കളത്തില്‍ ഓടാന്‍ പ്രയാസപ്പെട്ടു. കൊവിഡ് ബാധയുടെ പാര്‍ശ്വഫലങ്ങള്‍ തനിക്ക് വളരേയേറെ പ്രയാസങ്ങള്‍ ഉണ്ടാക്കിയെന്നും മെസി പറഞ്ഞു. ക്രിസ്മസ് അവധിക്കായി അര്‍ജന്റീനയിലേക്ക് പോയപ്പോഴാണ് മെസി കൊവിഡ് ബാധിതനായത്. ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലെത്തിയ മെസി ആദ്യ സീസണില്‍ ആകെ 11 ഗോളും 14 അസിസ്റ്റുമാണ് നേടിയത്.
അതേസമയം ഫൈനലിസിമയില്‍ മിന്നുന്ന പ്രകടനമാണ് മെസി പുറത്തെടുത്തത്. ക്ലബ്ബ് ഫുട്‌ബോളില്‍ അത്രനല്ലകാലമായിരുന്നില്ലെങ്കിലും ഇന്നലെ രണ്ട് ഗോളിനും വഴിയൊരുക്കി എന്ന് മാത്രമല്ല മെസ്സിയുടെ മുന്നേറ്റവും പ്രകടനവും ഇന്നത്തെ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തുടക്കം മുതല്‍ മുന്‍തൂക്കം നല്‍കുകയും ചെയ്തു. ഗോളെന്ന് തോന്നിച്ച അരഡസനോളം അവസരങ്ങളുണ്ടാക്കാനായി. ലോകകപ്പ് കിരീടം നേടുകയാണ് തന്റെ ലക്ഷ്യമെന്ന് ആവര്‍ത്തിക്കുന്നമെസി അക്ഷരാര്‍ത്ഥത്തില്‍ അതിനോട് നീതിപുലര്‍ത്തുന്ന പ്രകടനമായിരുന്നു ഇന്നലെ നടത്തിയത്. യൂറോ ചാംപ്യന്മാരെ വീഴ്ത്തിയ ആത്മവിശ്വാസത്തോടെ ഇനി മെസ്സിക്കും സംഘത്തിനും ഖത്തറിലേക്ക് പോവുകയും ചെയ്യാം.
ലാറ്റിനമേരിക്കന്‍ ടീമുകളേക്കാള്‍ മികവ് യൂറോപ്പിലാണെന്ന എംബപ്പെയുടെ വാദമൊക്കെ വലിയ വിവാദമായി, ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ യൂറോ ചാംപ്യന്മാര്‍ക്ക് മുകളില്‍ ഒരു ലാറ്റിനമേരിക്കന്‍ ടീമിന്റെ ജയം എന്നതും ശ്രദ്ധേയമാണ്. ഇറ്റലിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. ലാതുറോ മാര്‍ട്ടിനെസ്, എയ്ഞ്ചല്‍ ഡി മരിയ, പൗളോ ഡിബാല എന്നിവരാണ് ഗോളുകള്‍ നേടിയത്. രണ്ട് അസിസ്റ്റുമായി മെസി കളം നിറഞ്ഞു. കളിയിലെ താരവും മെസി ആയിരുന്നു.
വെബ്ലിയില്‍ തുടക്കം മുതല്‍ അര്‍ജന്റീനയുടെ നിയന്ത്രണമായിരുന്നു. ഇറ്റലി കാഴ്ചക്കാരുടെ റോളില്‍. ഇരുപത്തിയെട്ടാം മിനിറ്റില്‍ മെസിയുടെ മുന്നേറ്റം മാര്‍ട്ടിനസ് വലയിലാക്കി ലീഡ് സമ്മാനിച്ചു. ആദ്യപകുതിയുടെ അധിക സമയത്ത് ഏഞ്ചല്‍ ഡി മരിയയുടെ ചിപ്പ് ഗോള്‍ ലീഡ് രണ്ടാക്കി. അവസാന മിനിറ്റില്‍ വീണ്ടും മെസിയുടെ നീക്കത്തിനൊടുവില്‍ ഡിബാല ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
ഫിനിഷിങ്ങിലെ പിഴവും ഇറ്റാലിയന്‍ ഗോളി ഡൊണ്ണരുമയുടെ മികവും ഇല്ലായിരുന്നെങ്കില്‍ അര്‍ജന്റീനന്‍ വിജയത്തിന് ഇനിയും മാറ്റ് കൂടിയേനെ. ഇതിഹാസ താരം ജോര്‍ജിയോ ചെല്ലിനിക്ക് ജയത്തോടെയുള്ള വിടവാങ്ങല്‍ കൊടുക്കാനും ഇറ്റലിയ്ക്കായില്ല. 29 വര്‍ഷത്തിന് ശേഷമുള്ള കോപ്പ-യൂറോ ചാംപ്യന്‍മാരുടെ പോരാട്ടം മെസിയും കൂട്ടരും ആരാധകര്‍ക്ക് മറക്കാനാവാത്തതാക്കി.