രാജ്കോട്ട്: മാനിനെ വേട്ടയാടുന്നതിനിടെ കിണറ്റിൽ വീണ് പെൺ സിംഹങ്ങൾ. ഒന്ന് ചത്തു. ഗുജറാത്തിലെ അമ്രേലിയിൽ ശനിയാഴ്ചയാണ് സംഭവം. അമ്രേലിയിലെ ധരി ഗ്രാമത്തിലെ കൃഷിയിടത്തിലെ കിണറിലേക്കാണ് പെൺ സിംഹങ്ങൾ വേട്ടയാടുന്നതിനിടെ വീണത്. ഗിർ ദേശീയ പാർക്കിന്റെ കിഴക്കൻ മേഖലയിലാണ് ധരി.
വെള്ളിയാഴ്ച രാത്രി നിൽഗായ് ഇനത്തിലെ മാനിനെ തുരത്തുന്നതിനിടെയാണ് ഇവ കിണറ്റിൽ വീണത്. കാഴ്ചയിൽ കാളയേ പോലെ തോന്നുന്ന നിൽഗായ് മാൻ വിഭാഗത്തിലുള്ള മൃഗമാണ്. ശനിയാഴ്ച രാവിലെയാണ് നാട്ടുകാർ കിണറ്റിൽ വീണ സിംഹത്തെ ശ്രദ്ധിക്കുന്നത്. കിണറിന് സമീപത്തെ കൃഷിയിടത്തിലെ കാൽപാടുകളിൽ നിന്നാണ് വേട്ടയാടുന്നതിനിടെയാണ് സംഭവമെന്ന് വ്യക്തമാവുന്നത്.
പെൺ സിംഹങ്ങളെ രക്ഷിക്കാൻ വനംവകുപ്പ് ജീവനക്കാർ ശ്രമിച്ചെങ്കിലും ഒരെണ്ണത്തെ മാത്രമാണ് ജീവനോടെ രക്ഷിക്കാനായത്. കിണറിന് ആൾമറയില്ലാത്തത് മൂലമാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നാണ് ഗിർ ഡിസിഎഫ് രാജ്ദീപ്സിംഗ് സാല വിശദമാക്കുന്നത്. മേഖലയിൽ 12225 കിണറികൾക്ക് മറ തീർക്കാൻ വനം വകുപ്പ് സഹായിച്ചതായാണ് ഡിസിഎഫ് പ്രതികരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഡിസിഎഫ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കി. തുറന്നു കിടക്കുന്ന കിണറുകൾക്ക് മറ തയ്യാറാക്കാനായി 14400 രൂപയാണ് വനംവകുപ്പ് ഗുജറാത്തിൽ കർഷകർക്ക് നൽകുന്നത്.
ദേശീയ പുറത്തുള്ള മേഖലകളിലേക്കും സിംഹങ്ങൾ എത്തുന്നത് പതിവായതോടെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്.