ടാന്‍സാനിയയില്‍ നിന്നുള്ള ഒരു വീഡിയോ കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി. ഒന്നിലധികം സഫാരി വാഹനങ്ങള്‍ക്കിടയിലൂടെ തങ്ങളുടെ ഇരയെ വേട്ടയാടുന്ന രണ്ട് സിംഹിണികളുടെ വീഡിയോയായിരുന്നു അത്. വീഡിയോയുടെ തുടക്കത്തില്‍ വാഹനങ്ങള്‍ക്കിടയില്‍ ഒരു വൈല്‍ഡ്ബീസ്റ്റ് (wildebeest) നില്‍ക്കുന്നത് കാണാം. മണ്പാതയ്ക്ക് സമീപത്തായി ഒരു കഴുതപ്പുലിയും ഉണ്ട്. പെട്ടെന്ന് എന്തോ കണ്ട് ഭയന്നത് പോലെ കഴുതപ്പുലി സ്ഥലത്ത് നിന്നും രക്ഷപ്പെടാനുള്ള ശ്രമം നടത്തുമ്പോള്‍, ‘അഹ്, സിംഹം’ എന്ന് ഒരാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
ഇതിന് പിന്നാലെ ഒരു പെണ്‍സിംഹം രംഗപ്രവേശനം ചെയ്യുന്നു. ഇരയെ പിന്നില്‍ നിന്നും അക്രമിക്കാനായി തക്കം പാര്‍ത്ത് സിംഹിണി പതുക്കെ നീങ്ങുമ്പോള്‍ വൈല്‍ഡ്ബീസ്റ്റ് സിംഹിണിക്ക് നേരെ കൊമ്പുയര്‍ത്തി അടുക്കുന്നു. തന്ത്രപരമായി സിംഹിണി പിന്മാറുന്നു. വീണ്ടും അക്രമിക്കാനായി അടുക്കുമ്പോഴും വൈല്‍ഡ്ബീസ്റ്റ് വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. എന്നാല്‍, ഇതിനിടെ പിന്നില്‍ നിന്നും മറ്റൊരു സിംഹിണി കൂടി അക്രമിക്കാനെത്തുന്നു. ഇരുസിംഹിണികളും കൂടി വൈല്‍ഡ്ബീസ്റ്റിനെ ഇരുഭാഗത്ത് നിന്നും അക്രമിക്കുന്നു, ഇതിനിടെ മൂന്ന് പേരും കൂടി വീണ്ടും സഞ്ചാരികളുടെ വാഹനത്തിനടുത്തേക്ക് നീങ്ങുന്നു.
Lion hunting wildebeest in Serengeti Park Tanzania pic.twitter.com/Fpyv3bfhIx
— Terrifying Nature (@TerrifyingNatur) May 15, 2023
ഇതിനിടെ ഒരു സിംഹിണി വൈല്ഡ്ബീ്റ്റിനെ കീഴടക്കുകയും അതിന്റെ പുറം കഴുത്തില്‍ കടിച്ച് പിടിക്കുകയും ചെയ്യുന്നു. ഈ സമയം സമീപത്ത് നിര്‍ത്തിയിട്ടിരുന്ന സഫാരി വാഹനങ്ങളിലൊന്ന് മുന്നോട്ട് നീങ്ങാനുള്ള ശ്രമം നടത്തിയെങ്കിലും മുന്നില്‍ മറ്റ് വാഹനങ്ങള്‍ ഉള്ളതിനാല്‍ മുന്നോട്ട് നീങ്ങാനാകാതെ പെട്ട് പോകുന്നു. ഇരു സിംഹിണികളും കൂടി വൈല്‍ഡ്ബീസ്റ്റിനെ കടിച്ച് വലിച്ച് മണ്പാതയില് നിന്നും പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു.