തിരുവനന്തപുരം : സൈനിക, അർധസൈനിക കാന്റീനുകൾവഴി വിൽക്കുന്ന വിദേശമദ്യത്തിലെ സ്പിരിറ്റിന്റെ അളവിന് (പ്രൂഫ് ലിറ്റർ) ഈടാക്കുന്ന എക്സൈസ് ഡ്യൂട്ടി 21 രൂപയിൽനിന്ന് 25 രൂപയാക്കും. ഇതോടെ കാന്റീനുകൾവഴി വിൽക്കുന്ന മദ്യത്തിന് വിലകൂടും. കേരളത്തിലെ ഡിസ്റ്റിലറികളിലും വിദേശമദ്യ യൂണിറ്റുകളിലും മറ്റു സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളുമായി ചേർന്ന് മദ്യം ഉത്പാദിപ്പിക്കാൻ നിലവിലുള്ള ഫീസ് നിരക്ക് രണ്ടു ലക്ഷത്തിൽനിന്ന് അഞ്ചു ലക്ഷമാക്കും.
ലൈസൻസികളുടെ ക്രമക്കേടിന് വിദേശമദ്യ ചട്ടം 34 അനുസരിച്ച് ഈടാക്കുന്ന പിഴ ഇരട്ടിയാക്കി. നിലവിലെ 15,000 രൂപ 30,000 ആയും 50,000 ഒരുലക്ഷവുമായും ഉയർത്താനാണ് മദ്യനയം ശുപാർശ ചെയ്തിട്ടുള്ളത്. ബാർ ലൈസൻസിൽ സർവീസ് ഡെസ്ക് സ്ഥാപിക്കാനുള്ള ഫീസ് 50,000 ആയി ഉയർത്തി. നിലവിൽ 25,000 ആയിരുന്നു. അഡീഷണൽ ബാർ കൗണ്ടറിനുള്ള ഫീസ് 30,000 രൂപയിൽനിന്ന് 50,000 ആക്കി. കേരളത്തിലെ ഡിസ്റ്റിലറികൾ അവരുടെ ബ്രാൻഡ് രജിസ്റ്റർ ചെയ്യാനുള്ള ഫീസ് ഒരുലക്ഷമാക്കി. നിലവിൽ 75,000 ആയിരുന്നു.
കേരളത്തിലെ ഡിസ്റ്റിലറികളിൽ സംസ്ഥാനത്തിനുപുറത്തുള്ള ഡിസ്റ്റിലറികൾ വിദേശമദ്യം ഉത്പാദിപ്പിക്കുമ്പോൾ അവയുടെ ബ്രാൻഡ് രജിസ്ട്രേഷൻ ഫീസ് മൂന്നുലക്ഷത്തിൽനിന്ന് നാലുലക്ഷമാക്കി. കോവിഡുമായി ബന്ധപ്പെട്ട് പ്രവർത്തനം നിർത്തിയ കാലത്തെ ബാർലൈസൻസ്, ബിയർ-ൈവൻ പാർലർ ലൈസൻസ്, ക്ലബ്ബ് ലൈസൻസ് ഫീസുകളിൽ ആനുപാതിക കുറവ് അടുത്തവർഷത്തെ ലൈസൻസ് ഫീസിൽ അനുവദിക്കും. അബ്കാരി കുടിശ്ശിക പിരിച്ചെടുക്കാൻ പൂർണമായി പലിശയിളവ് നൽകിയും മുതലിൽ ആനുകൂല്യങ്ങൾ നൽകിയും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കും.