ദില്ലി: ഗുജറാത്തിൽ പുതിയ മന്ത്രിസഭയിൽ ആരൊക്കെയെന്ന് ബിജെപി കേന്ദ്രനേതൃത്വം ഇന്ന് അന്തിമ രൂപം നൽകും. ഗാന്ധിനഗറിലെ പാർട്ടി ആസ്ഥാനത്ത് ഇന്നലെ ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അർജുൻ മുണ്ട, ബി എസ് യെദിയൂരപ്പ എന്നീ കേന്ദ്ര നേതൃത്വം നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. പരിഗണിക്കപ്പെടുന്നവരുടെ പട്ടികയുമായി ഭൂപന്ദ്ര പട്ടേലും പാർട്ടി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടിലും ദില്ലിയിലെത്തി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. നാളയാണ് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിൽ ഏറുക. 20 മന്ത്രിമാർ ആദ്യ ഘട്ടത്തിൽ സത്യപ്രതിഞ്ജ ചെയ്യുമെന്നാണ് വിവരം.
അതേസമയം ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ് വീന്ദർ സിംഗ് സുഖുവും ഉപമുഖ്യമന്ത്രിയായി മുകേഷ് അഗ്നിഹോത്രിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഷിംലയിലെ റിഡ്ജ് മൈതാനത്ത് രാവിലെ 12 മണിക്കാണ് ചടങ്ങ്. മന്ത്രിമാരുടെ കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനമെടുക്കും. രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ , കെ സി വേണുഗോപാൽ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. ഇന്നലെ രാത്രിതന്നെ സുഖുവിന്റെ നേതൃത്ത്വത്തിൽ നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അനുമതി തേടിയിരുന്നു.
എന്നാൽ പ്രതിഭ സിംഗ് അടക്കമുള്ളവർ ഇപ്പോഴും പ്രതിഷേധത്തിലാണ്. സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രതിഭയടക്കമുള്ളവരോട് എഐസിസി നേതൃത്വം ചർച്ച നടത്തും. ഉപമുഖ്യമന്ത്രി മുകേഷ് അംഗ്നിഹോത്രിയോട് പ്രതിഭയ്ക്ക് എതിർപ്പില്ല. മുഖ്യമന്ത്രി സ്ഥാനത്ത് കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ളതാണ് സുഖുവിന് നേട്ടമായത്.