കോഴിക്കോട്: വടകര പാർലമെൻറ് മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജക്കെതിരെ വിമര്‍ശനവുമായി സാഹിത്യകാരൻ കല്‍പറ്റ നാരായണന്‍. ആര്‍.എം.പി. സ്ഥാപക നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്ന് പറയാന്‍ തയ്യാറാവാത്ത കെ.കെ. ശൈലജക്ക് പൊതുജനത്തെ അഭിമുഖീകരിക്കാന്‍ അര്‍ഹതയില്ലെന്ന് കൽപറ്റ നാരായണൻ അഭിപ്രായപ്പെട്ടു.
ടീച്ചറായിട്ടുപോലും സിദ്ധാര്ഥെൻറ മരണത്തില്‍ അപലപിക്കാത്ത ഒരാള്‍ക്ക് എന്ത് ജനകീയതയാണ് അവകാശപ്പെടാനുള്ളതെന്ന് കല്‍പറ്റ നാരായണന്‍ ചോദിച്ചു. ടി.പി. കേസ് കേരളത്തോട് പറയുന്നത് എന്ന വിഷയത്തില്‍ വടകരയില്‍ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതം ഒട്ടാകെയും കേരളത്തിലും വയലന്‍സാണ്. താന്‍ ഗ്യാരന്റിയെന്ന് മോദി ഓരോ തവണ പറയുമ്പോഴും വയലന്‍സിന് താന്‍ ഗ്യാരൻറിയെന്നാണ് പറയുന്നത്. മണിപ്പുര്‍ പോലെയാവണം ഇന്ത്യ മുഴുവന്‍ എന്നാണ് മോദി ആഗ്രഹിക്കുന്നത്. വയനാട്ടിലെ വെറ്ററിനറി ആശുപത്രിയില്‍ കണ്ടതും വയലന്‍സാണ്. തൃശ്ശൂരില്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പോവുമെന്നും കൽപറ്റ കൂട്ടിച്ചേര്‍ത്തു. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, നടന്‍ ജോയ് മാത്യു, അഡ്വ. കുമാരൻ കുട്ടി, കെ.സി. ഉമേഷ് ബാബു തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.