കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യ നഗര പദവിയിൽ കോഴിക്കോട് ഇടം നേടി. ലോക നഗര ദിനത്തിൽ 55 പുതിയ നഗരങ്ങൾ യുനെസ്‌കോ തെരഞ്ഞെടുത്തിരിക്കുകയാണ്. ഇക്കൂട്ടത്തിലാണ് കോഴിക്കോടും ഇടം നേടിയത്. ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന ആദ്യ നഗരമാണ് കോഴിക്കോട്. ഈ പദവി ലഭിക്കുന്നതിനായി നേരത്തെ തന്നെ കോർപ്പറേഷൻ ശ്രമം ആരംഭിച്ചിരുന്നു.
ഇതിെൻറ ഭാഗമായി 2014ൽ ഈ പദവി കൈവരിച്ച പ്രാഗ് നഗരത്തിലെ അധികൃതരുമായി മേയർ ബീന ഫിലിപ് ഓൺലൈനിൽ ചർച്ച നടത്തിയിരുന്നു. കലയും സാഹിത്യവും സംസ്‌കാരവും ഒന്നിക്കുന്ന നഗരത്തിലെ പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്തു. 2004 ൽ യുകെയിലെ എഡിൻബറ നഗരമാണ് ഈ പട്ടികയിൽ സ്ഥാനം പിടിച്ച ആദ്യ നഗരം.
കിലയുടെ സഹകരണത്തോടെയാണ് കോഴിക്കോട് കോർപറേഷൻ ശ്രമം ആരംഭിച്ചത്. എഴുത്തുകാർ, പ്രസാധകർ, നിരൂപകർ, സാഹിത്യ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി പല തട്ടിലുള്ളവരെ ഒന്നിപ്പിച്ച് സാഹിത്യ തട്ടകമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. സാഹിത്യോത്സവങ്ങൾക്കും പുസ്തകോത്സവങ്ങൾക്കും കോഴിക്കോട് സ്ഥിരം വേദിയാകുന്നുണ്ട്. ഇതൊക്കെ പരിഗണിച്ചാണ് സാഹിത്യനഗര പദവി കോഴിക്കോട് കരസ്ഥമാക്കിയത്.
കഴിഞ്ഞ രണ്ട് വർഷമായി അപേക്ഷ നൽകാനുള്ള മുന്നൊരുക്കത്തിലായിരുന്നു കോഴിക്കോട് കോർപറേഷൻ. ഇതിെൻറ ഭാഗമായി കോഴിക്കോട് കോർപറേഷൻ,സാഹിത്യ നഗര പദവി നേടിയ പ്രാഗ്, കാർക്കോവ്, എഡിൻബർഗ് എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ പഠിക്കുകയും കോഴിക്കോടിെൻറ സാഹിത്യ പൈതൃകം, സാധ്യതകൾ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കുകയും ചെയ്തിരുന്നു. ഈ ശ്രമങ്ങളെല്ലാം വിജയിച്ചിരിക്കുകയാണിപ്പോൾ.