കോഴിക്കോട്: വടകരയിൽ ജനതാദൾ മത്സരിച്ചതുകൊണ്ടാണ് കെ കെ രമ ജയിച്ചതെന്ന വാദം സിപിഎം നേതൃത്വത്തിന്‍റെ അഭിപ്രായമാണെന്ന് കരുതുന്നില്ലെന്ന് ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂര്‍. ജനതാദൾ മത്സരിച്ചത് കൊണ്ടാണ് രമ ജയിച്ചതെന്ന് മുഖ്യമന്ത്രിയോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററോ ഇതേവരേ പറഞ്ഞിട്ടില്ല. ഉത്തരവാദപ്പെട്ടവർ പറഞ്ഞാൽ പ്രതികരിക്കാം.
കൂടിയും കുറഞ്ഞുമായി 137 നിയോജക മണ്ഡലങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികൾക്ക് വേണ്ടി എൽജെഡി പ്രവർത്തിക്കുകയും വോട്ടു ചെയ്യുകയും ചെയ്തത് കൊണ്ടാണ് എൽഡിഎഫ് മൂന്ന് സീറ്റുകൾ പാര്‍ട്ടിക്ക് നല്‍കിയത്. ഏതെങ്കിലും നിയോജക മണ്ഡലത്തിൽ എൽജെഡി പ്രവർത്തകർ എൽഡിഎഫിനു വേണ്ടി പ്രവർത്തിക്കാതിരിക്കുകയോ വോട്ടു ചെയ്യാതിരിക്കുകയോ ചെയ്തുവെന്ന് എം എം മണിക്ക് പരാതിയുണ്ടെങ്കിൽ പറയണം.
തിരുത്താനും നടപടിയെടുക്കാനും എൽജെഡി തയാറാണ്. വടകരയിൽ എൽഡിഎഫ് കണക്കുകളിൽ നിന്ന് വിഭിന്നമായി ചില സിപിഎം ശക്തികേന്ദ്രങ്ങളിൽ രമ വോട്ടുപിടിച്ചിട്ടുണ്ട്. നേരത്തെ വേറിട്ട് ഒറ്റക്ക് മത്സരിച്ചിരുന്ന ആർഎംപി ഇത്തവണ യുഡിഎഫിന്‍റെ പിന്തുണയോടെ മത്സരിച്ചപ്പോൾ ചില ബൂത്തുകളിലെ എൽഡിഎഫ് വോട്ടുചോർന്നു. ഇതേക്കുറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അന്വേഷിക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ലെന്നിരിക്കേ എൽഡിഎഫിലെ ഘടകകക്ഷിയായ എൽജെഡിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ശരിയല്ല.
സിപിഎമ്മും മറ്റു ഘടകകക്ഷികളും തോറ്റ മണലങ്ങളിലും എം എം മണിക്ക് ഇതേ അഭിപ്രായമാണോ ഉള്ളതെന്നറിയാൻ താൽപര്യമുണ്ടെന്നും സലീം മടവൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, കെ കെ രമയ്ക്കെതിരായ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് എം എം മണി ഇന്നലെ തൊടുപുഴയിലും പറഞ്ഞത്. മഹതി നല്ല ഒന്നാന്തരം ഭാഷയാണെന്ന് പറഞ്ഞ എം എം മണി, നിയമസഭയിൽ വന്നാൽ ഇനിയും വിമർശനം കേൾക്കേണ്ടിവരുമെന്നും ഓര്‍മ്മിപ്പിച്ചു.
രമയെ മുൻ നിർത്തിയുള്ള യുഡിഎഫിന്‍റെ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സീറ്റ് ജനതാദളിന് കൊടുത്തത് കൊണ്ട് മാത്രമാണ് രമ ജയിച്ചതെന്നും എം എം മണി പറഞ്ഞു. പരാമര്‍ശത്തിൽ ഖേദമില്ല. കെ കെ രമ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മുഖ്യമന്ത്രിയെ സഭയിൽ തേജോവധം ചെയ്യുകയാണ്. ഇത്രയും നാളും തങ്ങളാരും പ്രതികരിച്ചിട്ടില്ല. ഇന്നലെ അവര്‍ സഭയിലില്ലായിരുന്നു. വൈകുന്നേരം വന്ന അവര്‍ക്ക് പ്രത്യേകം പ്രതിപക്ഷം സമയം അനുവദിച്ചു. അത് പ്രതിപക്ഷം പ്രത്യേകം ചെയ്യുകയാണ്. അത് കൊണ്ടാണ് ഇക്കാര്യത്തിൽ പ്രതികരിക്കാമെന്ന് കരുതിയതെന്നാണ് മണിയുടെ വിശദീകരണം.