കോഴിക്കോട്: ലോക് താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി.) രാഷ്ട്രീയ ജനതാദളില്‍ (ആര്‍.ജെ.ഡി.) ലയിക്കാന്‍ കോഴിക്കോട് ചേര്‍ന്ന എല്‍.ജെ.ഡി. സംസ്ഥാന കൗണ്‍സില്‍ യോഗം ഏകകണ്ഠേന തീരുമാനിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഒമ്പതു വര്‍ഷമായി തുടർന്നു വരുന്ന ജനാധിപത്യവിരുദ്ധവും മതേതരത്വവിരുദ്ധവുമായ നിലപാടുകള്‍ രാജ്യത്തിന്റെ ഐക്യവും ഭരണഘടനാമൂല്യങ്ങളും തകര്‍ത്തിരിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. രാജ്യത്തെ വര്‍ഗീയമായി തരംതിരിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് മുന്നോട്ട് പോകുന്ന മോദി സര്‍ക്കാറിന്റെ നിലപാടിന് ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുന്ന ആര്‍.ജെ.ഡി. ദേശീയ രാഷ്ട്രീയത്തില്‍ വര്‍ഗീയതയോട് ഒരിക്കല്‍പോലും സന്ധി ചെയ്യാത്ത രാഷ്ട്രീയ പ്രസ്ഥാനമാണ്.
രാജ്യത്ത് ഉടലെടുത്ത വിശാല പ്രതിപക്ഷ ഐകൃനിരയായ `ഇന്ത്യ’യുടെ രൂപവൽകരണത്തിന് നേതൃത്വപരമായ പങ്കുവഹിച്ച രാഷ്ട്രീയ ജനതാദളിന് ദേശീയ രാഷ്‌ട്രീയത്തിലുള്ള പ്രാധാന്യം കണക്കിലെടുത്താണ് ആര്‍.ജെ.ഡി.യില്‍ ലയിക്കാനുള്ള തീരുമാനമെടുത്തതെന്ന് നേതൃത്വം അറിയിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടായ ജനവിധിയെ അംഗീകരിക്കുന്നു. എല്‍.ഡി.എഫിനുണ്ടായ പരാജയം വിലയിരുത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തണം. പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട മന്ത്രിസ്ഥാനം ലഭ്യമാക്കാന്‍ എല്‍.ഡി.എഫിനോട് ആവശ്യപ്പെടാനും കൗണ്‍സില്‍ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.