തിരുവനന്തപുരം > വായ്‌പാ ആപ്പുകളുടെ ഇന്റർനെറ്റ് ബന്ധം വിഛേദിക്കണമെന്നാവശ്യപ്പെട്ട് കേരളം നൽകിയ പട്ടികയിൽ കേന്ദ്രം നടപടിയെടുത്തത് 117 എണ്ണത്തിൽമാത്രം. 172 ആപ്പിന്റെ ഇന്റർനെറ്റ് ബന്ധം ഒഴിവാക്കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. കേന്ദ്രത്തിന്റെ പരിശോധനയിൽ പരാതികൾ ലഭിച്ചിട്ടില്ലെന്നതും രജിസ്ട്രേഷനിലെ സാങ്കേതികത്വങ്ങളും ചൂണ്ടിക്കാട്ടിയാണ് ബാക്കിയുള്ള ആപ്പുകളിൽ നടപടി വൈകുന്നത്.
വായ്‌പാ തട്ടിപ്പ് തടയാൻ സൈബർ പൊലീസ് ശക്തമായ നടപടിക്ക് തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി മുന്നൂറിലധികം ആപ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഐഒഎസ് പ്ലാറ്റ്‌ഫോമിൽ പ്രവർത്തിച്ചിരുന്ന 158 എണ്ണം ഐടി നിയമപ്രകാരം നോട്ടീസ് നൽകി നീക്കം ചെയ്‌തു. ശേഷിക്കുന്ന 172 എണ്ണത്തിൽ നടപടിയെടുക്കാനാണ് കേന്ദ്രത്തിന് കൈമാറിയത്. ആപ്പുകളുടെ ഇന്റർനെറ്റ് ബന്ധം വിഛേദിക്കാനുള്ള അധികാരം കേന്ദ്ര ഐടിവകുപ്പിനാണ്. സൈബർ പൊലീസ് സംസ്ഥാന ഐടി സെക്രട്ടറി മുഖേന കേന്ദ്ര ഐടി സെക്രട്ടറിയെ വിവരമറിയിച്ചുവേണം ഇതിനുള്ള നടപടികൾ സ്വീകരിക്കാൻ. ഇത് നടപടികളുടെ വേഗം ഇല്ലാതാക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ വായ്‌പാ ആപ്പുകളുടെ നിയന്ത്രാണാധികാരം സംസ്ഥാനത്തിന് നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് കേന്ദ്രത്തിന് രണ്ടുമാസം മുന്നേ കത്തയച്ചിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ മറുപടി കിട്ടിയിട്ടില്ല. വായ്‌പാ ആപ്പുകളിൽ പലതും പ്ലേസ്റ്റോറിൽനിന്നോ ആപ് സ്റ്റോറിൽനിന്നോ ഡൗൺലോഡ് ചെയ്യാൻ കഴിയില്ല. ഫെയ്‌സ്‌ബുക്കിലും ടെലിഗ്രാമിലും വരുന്ന ലിങ്കുകൾ വിദേശരാജ്യങ്ങളിലെ ഐപി അഡ്രസുപയോഗിച്ച് പ്രവർത്തിക്കുന്നവയാണ്. ഇന്ത്യയിലെ ഐപി വിലാസം തടയാൻ സാധിച്ചാൽ ഇത്തരം ആപ്പുകൾക്ക് ഒരു പരിധിവരെ തടയിടാം.