ദുബൈ: ദുബൈയില്‍ 426 സ്വദേശി പൗരന്മാരുടെ ഭവന വായ്‍പകള്‍ എഴുതിത്തള്ളി. വായ്‍പകളില്‍ ഇനി അടയ്ക്കേണ്ട തുക പൂര്‍ണമായി ഇളവ് ചെയ്‍തുകൊണ്ട് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഉത്തരവിട്ടത്. ഇവരുടെ വായ്‍പാ ബാധ്യതകള്‍ തീര്‍ക്കുന്നതിന് 14.6 കോടി ദിര്‍ഹത്തിന്റെ പാക്കേജാണ് ശൈഖ് ഹംദാന്റെ നിര്‍ദേശ പ്രകാരം അനുവദിച്ചിരിക്കുന്നത്.
ദുബൈയിലെ എല്ലാ പൗരന്മാരുടെയും ജീവിത നിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും നല്‍കുന്നതിനായി പദ്ധതികള്‍ ആവിഷ്‍കരിക്കുന്നത് തുടരുമെന്ന് ശൈഖ് ഹംദാന്‍ പ്രഖ്യാപനം നടത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. താഴ്‍ന്ന വരുമാനക്കാരും മറ്റ് തരത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുമായ സ്വദേശികള്‍ക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക. റമദാന്‍ മാസത്തിന്റെ അവസാന നാളുകളില്‍ ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്തിരിക്കുന്ന വേളയില്‍ കൂടിയാണ് കിരീടാവകാശിയുടെ അറിയിപ്പ് പുറത്തുവന്നത്. നിര്‍ദേശം നടപ്പാക്കാനും അതിനായുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ദുബൈയിലെ സുപ്രീം കമ്മിറ്റി ഫോര്‍ ഡെവലപ്‍മെന്റ് ആന്റ് സിറ്റിസണ്‍സ് അഫയേഴ്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശൈഖ് ഹംദാന്‍ അറിയിച്ചു.