തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളിലെ 19 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്നറിയാം. രാവിലെ പത്തിനാണ് വോട്ടെണ്ണൽ. രണ്ട് കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോട്ടയം നഗരസഭയിൽ പുത്തൻതോട് ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലമാണ് ഇടത് – വലത് മുന്നണികളെ സംബന്ധിച്ചടുത്തോളം ഏറെ നിർണായകം. കോൺഗ്രസ് കൗൺസിലർ ജിഷ ബെന്നിയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽ ഡി എഫിനും യു ഡി എഫിനും 22 അംഗങ്ങൾ വീതമാണ് നഗരസഭയിൽ ഉണ്ടായിരുന്നത്. ഭരണകക്ഷിയായ യു ഡി എഫിന് ജിഷ ബെന്നിയുടെ വിയോഗത്തിലൂടെ ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. നറുക്കെടുപ്പ് ജയത്തിന്റെ സഹായത്തോടെ ഭരിക്കുന്ന നഗരസഭയിൽ തോൽക്കുന്ന സാഹചര്യമുണ്ടായാൽ യു ഡി എഫിന് ഭരണം നഷ്ടപ്പെടും.
9 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 60 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 29 പേർ സ്ത്രീകളാണ്. വോട്ടെണ്ണൽ ഫലം പത്ത് മണിയോടെ വന്ന് തുടങ്ങും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ ജില്ലാ അടിസ്ഥാനത്തിൽ: തിരുവനന്തപുരം – തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ 18. മുട്ടട, പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ 10. കാനാറ. കൊല്ലം – അഞ്ചൽ ഗ്രാമപഞ്ചായത്തിലെ 14. തഴമേൽ. പത്തനംതിട്ട – മൈലപ്ര ഗ്രാമപഞ്ചായത്തിലെ 05. പഞ്ചായത്ത് വാർഡ്. ആലപ്പുഴ – ചേർത്തല മുനിസിപ്പൽ കൗൺസിലിലെ 11. മുനിസിപ്പൽ ഓഫീസ്. കോട്ടയം – കോട്ടയം മുനിസിപ്പൽ കൗൺസിലിലെ 38. പുത്തൻതോട്, മണിമല ഗ്രാമപഞ്ചായത്തിലെ 06. മുക്കട, പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ 01. പെരുന്നിലം. എറണാകുളം – നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 06. തുളുശ്ശേരിക്കവല. പാലക്കാട് -പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ 08. ബമ്മണ്ണൂർ, മുതലമട ഗ്രാമപഞ്ചായത്തിലെ 17. പറയമ്പള്ളം, ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്തിലെ 10. അകലൂർ ഈസ്റ്റ്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ 03. കല്ലമല, കരിമ്പ ഗ്രാമപഞ്ചായത്തിലെ 01. കപ്പടം. കോഴിക്കോട് -ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 07- ചേലിയ ടൗൺ, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 05. കണലാട്, വേളം ഗ്രാമപഞ്ചായത്തിലെ 11. കുറിച്ചകം. കണ്ണൂർ – കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ 14. പള്ളിപ്രം, ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 16. കക്കോണി.
തലസ്ഥാന ജില്ലയിലടക്കം തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ മദ്യനിരോധനം ഏർപ്പെടുത്തിയിരുന്നു. തിരുവനന്തപുരം ജില്ലയിൽ മെയ് 30 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് വാർഡുകളിലും പോളിംഗ് സ്‌റ്റേഷൻ പ്രവർത്തിക്കുന്ന വാർഡുകളിലും മെയ് 31 ന് വോട്ടെണ്ണൽ കേന്ദ്രം സ്ഥിതിചെയ്യുന്ന വാർഡുകളിലുമാണ് മദ്യ നിരോധനം. ജില്ലാ കളക്ടർ ജെറോമിക് ജോർജാണ് ഈ വാർഡുകളിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി ഉത്തരവിട്ടത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ മുട്ടട (വാർഡ് 18), പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കാനറ (വാർഡ് 10) വാർഡുകളിലും പോളിംഗ് സ്‌റ്റേഷൻ പ്രവർത്തിക്കുന്ന കേശവദാസപുരം (വാർഡ് 15), മുട്ടട (വാർഡ് 18), കുറവൻകോണം (വാർഡ് 24), പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കാനറ (വാർഡ് 10) വാർഡുകളിലും വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടു മുൻപുള്ള 48 മണിക്കൂർ സമയത്തേക്കും, വോട്ടെണ്ണൽ ദിനമായ മെയ് 31ന് വോട്ടെണ്ണൽ കേന്ദ്രം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ കുറവൻകോണം (വാർഡ് 24) വാർഡിലും, കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ആർ ആർ വി (വാർഡ് 9) വാർഡിലുമാണ് സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടത്.