മുണ്ടൂർ: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ വേലിക്കാട് വാഹനം തടഞ്ഞ് പണം തട്ടിയെടുത്ത സംഭവത്തിലെ മുഖ്യസൂത്രധാരൻ പൊലീസ് പിടിയിൽ. ഒന്നാം പ്രതി മുണ്ടൂർ നൊച്ചുപ്പുള്ളി ചുക്കിനി വീട്ടിൽ സുമേഷിനെ (32) യാണ് കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ജൂൺ 17നായിരുന്നു കേസിനാസ്പദമായ സംഭവം. സഹോദരങ്ങളായ ഹമീദ്, അൻസാരി എന്നിവരുടെ പണമാണ് തട്ടിയെടുത്തത്.
ചെന്നൈയിൽനിന്ന് മേലാറ്റൂരിലേക്ക് പോകുംവഴി കാർ തടഞ്ഞുനിർത്തിയാണ് സുമേഷും സംഘവും 98 ലക്ഷം രൂപ തട്ടിയെടുത്തത്. വാഹനം സഹോദരങ്ങൾ സഞ്ചരിച്ച കാറിന് കുറുകെ ഇട്ടശേഷം, പിറകിൽ മറ്റൊരു കാർ കൊണ്ടുവന്ന് ഇടിപ്പിച്ചു. സഹോദരങ്ങളെ ഇരുമ്പ് വടി കൊണ്ട് മർദിച്ചായിരുന്നു കവർച്ച. കേസിൽ ഇതുവരെ 12 പ്രതികൾ അറസ്റ്റിലായി. സംഘം രൂപവത്കരിച്ചതും കവർച്ച ആസൂത്രണം ചെയ്തതും സുമേഷാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പണത്തിനൊപ്പം മൂന്ന് മൊബൈൽ ഫോണും ഇവർ കവർന്നു. ഇൻസ്പെക്ടർ വി.എസ്. മുരളീധരൻ, സബ് ഇൻസ്പെക്ടർ കെ. മണികണ്ഠൻ, അഡീഷനൽ എസ്.ഐ എസ്. രമേഷ്, എസ്.സി.പി.ഒ.സി എസ്. സാജിദ്, സി.പി.ഒമാരായ സന്ധ്യ, മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.