മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടം അമരമ്പലത്ത് കരടി ശല്യം മൂലം നാട്ടുകാര്‍ ദുരിതത്തില്‍. പൊട്ടിക്കല്ലില്‍ കര്‍ഷകര്‍ സ്ഥാപിച്ച തേന്‍ പെട്ടികള്‍ തകര്‍ത്ത് തേന്‍ ഭക്ഷിച്ച ശേഷമാണ് കരടി കാട്ടിലേക്ക് മടങ്ങിയത്. സന്ധ്യയായാല്‍ കരടിയെ പേടിച്ച് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് നാട്ടുകാര്‍. അമരമ്പലം പഞ്ചായത്തിലെ ടി കെ കോളനിയിലും ചുള്ളിയോട്ടിലുമൊക്കം കരടി ശല്യം തുടങ്ങിയിട്ട് ആഴ്ച മൂന്നായി. സന്ധ്യായാല്‍ പിന്നെ കരടിയുടെ വരവാണ്. റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ചിരിക്കുന്ന തേന്‍ പെട്ടിയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം ചുള്ളിയോട്ടെ കര്‍ഷകനായ ശ്രീധരന്‍റെ കൃഷിയിടത്തിലാണ് കരടിയെത്തിയത്. പറമ്പിലെ തേനീച്ചയെ വളര്‍ത്തുന്ന പതിനാല് പെട്ടികള്‍ തകര്‍ത്തു. തേന്‍ ഭക്ഷിച്ച ശേഷമാണ് മടങ്ങിയത്. കരടിയുടെ മുന്നില്‍ പെട്ടാല്‍ ആക്രമണം ഉറപ്പാണ്.
അതു കൊണ്ടു സന്ധ്യയായാല്‍ പുറത്തിറങ്ങാന്‍ തന്നെ ആളുകള്‍ക്ക് മടിക്കുകയാണ്. വനം വകുപ്പ് ആര്‍ ആര്‍ ടി അംഗങ്ങളും നാട്ടുകാരും പ്രദേശത്ത് തുടര്‍ച്ചയായി പരിശോധന നടത്തുന്നുണ്ട്. അതേസമയം കരടി ശല്യത്തിന് പരിഹാരം കാണാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്. കഴിഞ്ഞ ദിവസം ചക്കിക്കുഴിയിലെ വനം വകുപ്പ് ഓഫീസിലേക്ക് നാട്ടുകാരുടെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.












