കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള റൺവേ വികസനത്തിന് സ്ഥലം ഏറ്റടുക്കാനുള്ള ശ്രമം ഭൂവുടമകൾ തടഞ്ഞു. സ്ഥല പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെയാണ് നാട്ടുകാർ തടഞ്ഞത്. പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥർ പരിശോധന നിര്‍ത്തി മടങ്ങി. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കാനെത്തിയത്.
റൺവയുടെ കിഴക്ക്, പടിഞ്ഞാറ് വശങ്ങളിലായി പതിനെട്ടര ഏക്കർ സ്ഥലം ഏറ്റെടുത്ത് റൺവേ വികസിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. സ്ഥലം ഏറ്റടുക്കൽ പ്രഖ്യാപിച്ചതു മുതൽ തന്നെ ഭൂവുടമകൾ പ്രതിഷേധവും അറിയിച്ചിരുന്നു. ദീര്‍ഘകാലം അനിശ്ചിതാവസ്ഥയിലായിരുന്ന കരിപ്പൂര്‍ റണ്‍വേ വികസന പ്രവര്‍ത്തനങ്ങൾക്ക് മുഖ്യമന്ത്രിയും കേന്ദ്രവ്യോമയാന മന്ത്രിയും തമ്മിലുള്ള ചര്‍ച്ചകളെ തുടര്‍ന്നാണ് വീണ്ടും ജീവൻ വച്ചത്. പതിനെട്ടര ഏക്കര്‍ സ്ഥലമേറ്റെടുത്ത് നൽകിയാൽ റണ്‍വേ വികസിപ്പിക്കാൻ തയ്യാറാണെന്ന് കാണിച്ച് കേന്ദ്ര വ്യോമയാനമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പിന്നാലെ സ്ഥലമേറ്റെടുക്കാൽ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിര്‍ദേശം നൽകി. ഇതിന് നേരിട്ട് മേൽനോട്ടം വഹിക്കാൻ മന്ത്രി വി.അബ്ദുൽ റഹ്മാനെ ചുമതലപ്പെടുത്തുകയും ചെയ്തു.