കല്ലമ്പലം : കെ-റെയിലിനു സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നാവായിക്കുളം മരുതിക്കുന്നിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതോടെ സ്ഥലത്ത് പ്രതിഷേധം ശക്തമായി. ഇവിടെ മുസ്ലിം, ക്രിസ്ത്യൻ പള്ളികളോടനുബന്ധിച്ചുള്ള ശ്മശാനങ്ങളിൽക്കൂടിയാണ് നിർദിഷ്ട അലൈൻമെൻറ് കടന്നുപോകുന്നത്. ഇതിലാണ് നാട്ടുകാർക്ക് എതിർപ്പുള്ളത്. തങ്ങളുടെ പൂർവികർ അന്തിയുറങ്ങുന്ന ശ്മശാനം ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ഉദ്യോഗസ്ഥരും തൊഴിലാളികളും കല്ലിടാനെത്തിയത്. ജനങ്ങൾ സംഘടിച്ചതോടെ സർക്കാരിന്റെ മറ്റൊരു പദ്ധതിയാണെന്നും കെ-റെയിൽ അല്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നാട്ടുകാർ ഒത്തുചേർന്നു പ്രതിഷേധിച്ചത് ചെറിയ സംഘർഷത്തിന് കാരണമായി.
വർക്കല ഡിവൈ.എസ്.പി. പി.നിയാസിന്റെ നേതൃത്വത്തിലെത്തിയ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരുമായി ചർച്ച നടത്തുകയും പരാതി നൽകാനും അലൈൻമെൻറ് മാറ്റിസ്ഥാപിക്കാൻ കഴിയുമെങ്കിൽ ആയതിന് അവസരമെന്ന നിലയ്ക്ക് ഒരാഴ്ച സമയം അനുവദിക്കുകയുമായിരുന്നു. ഇവിടെ ജനുവരി 10-ന് കല്ലിടൽ പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. തുടർന്ന് ഉച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥർ നാവായിക്കുളം പഞ്ചായത്തിലെതന്നെ പുതുശ്ശേരിമുക്കിലെത്തി കൊട്ടറക്കോണം, കപ്പാംവിള വഴിമരുതിക്കുന്ന് വരെയുള്ള മേഖലയിൽ കല്ലിടൽ ജോലി ആരംഭിച്ചതോടെ ഇവിടെയും നാട്ടുകാർ സംഘടിച്ച് പ്രതിഷേധം തീർത്തു. കല്ലമ്പലം, നഗരൂർ, കിളിമാനൂർ, പള്ളിക്കൽ, അയിരൂർ, വർക്കല സ്റ്റേഷനുകളിൽ നിന്നായി വൻ പോലീസ് സന്നാഹമെത്തി കല്ലിടൽ ജോലികൾ ആരംഭിച്ചു. ഇവിടെ കോട്ടറക്കോണം വരെയുള്ള ഭാഗങ്ങളിൽ വൈകീട്ട് ആറോടെ കല്ലിടൽ പൂർത്തിയാക്കി.