ന്യൂഡൽഹി: 10 വർഷം മുമ്പത്തെ യു.പി.എ സർക്കാറിന്‍റെ ഭരണപ്പിഴവുകൾ ലോക്സഭയിൽ വീണ്ടും ചർച്ചയാക്കാൻ ബി.ജെ.പി ലക്ഷ്യമിടുന്ന ധവളപത്രം ചൂടേറിയ ചർച്ചക്കൊടുവിൽ ലോക്സഭയിൽ പാസാക്കി. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന 10 വർഷം ഭരണത്തിലും സമ്പദ്രംഗത്തും സംഭവിച്ച പിടിപ്പുകേടുകളുടെ കെടുതിയിൽനിന്ന് രാജ്യത്തെ കരകയറ്റുന്നതിൽ മോദിസർക്കാർ നിർണായക പങ്ക് വഹിച്ചുവെന്നുകൂടി സമർഥിക്കുന്നതാണ് ധവളപത്രം.
ധനമന്ത്രി നിർമല സീതാരാമൻ വ്യാഴാഴ്ച പാർലമെന്‍റിൽ വെച്ച ധവളപത്രം മുൻനിർത്തി ചോദ്യോത്തരവേളക്കുശേഷം മുഴുദിന ചർച്ചയാണ് ലോക്സഭയിൽ നടന്നത്. നെഹ്റുകുടുംബത്തിന് പ്രഥമ പരിഗണന നൽകിയ ഭരണമായിരുന്നു യു.പി.എ സർക്കാറിന്‍റേതെന്നും സമ്പദ്രംഗം കുഴച്ചുമറിച്ചുവെന്നും ചർച്ച തുടങ്ങിവെച്ച ധനമന്ത്രി നിർമല സീതാരാമൻ കുറ്റപ്പെടുത്തി. യു.പി.എ ഭരണത്തിലെ പിഴവുകൾ ജനത്തെ വലച്ചെങ്കിൽ, രാജ്യമാണ് പ്രധാനമെന്ന മുദ്രാവാക്യത്തോടെയാണ് മോദിസർക്കാർ മോശം സ്ഥിതി മാറ്റിയെടുത്തത്. അതിന്‍റെ താരതമ്യപഠനമാണ് ധവളപത്രം.
മുൻ സർക്കാറിനെ കരിപുരട്ടാൻ ലക്ഷ്യമിട്ടു തയാറാക്കിയ ധവളപത്രം ബി.ജെ.പിയുടെ രാഷ്ട്രീയ പ്രകടനപത്രികയാണെന്ന് കോൺഗ്രസിലെ മനീഷ് തിവാരി പറഞ്ഞു. വിവരാവകാശ-വിദ്യാഭ്യാസാവകാശ നിയമങ്ങൾ, തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷ അവകാശമാക്കൽ തുടങ്ങി സുപ്രധാന നടപടികൾ സ്വീകരിച്ച സർക്കാറിനെ ഇകഴ്ത്തിക്കാണിക്കാനാണ് ഇത്തരമൊരു നടപടിക്ക് മോദിസർക്കാർ മുതിർന്നത്.
ഭരണമാറ്റം നടന്ന 2014ൽ കൊണ്ടുവരാതിരുന്ന ധവളപത്രമാണ് 10 വർഷത്തിനുശേഷം ഇപ്പോൾ സഭയിൽ വെച്ചത്. ഇതിൽ രാഷ്ട്രീയതാൽപര്യമല്ലാതെ മറ്റൊന്നുമില്ല -മനീഷ് തിവാരി കുറ്റപ്പെടുത്തി. ഇത്തരമൊരു ധവളപത്രം കൊണ്ടുവന്ന് സഭയിൽ പാസാക്കുന്നതിനെതിരെ ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രൻ, തൃണമൂൽ കോൺഗ്രസിലെ സൗഗത റോയ് എന്നിവർ കൊണ്ടുവന്ന വിയോജന പ്രമേയങ്ങൾ ശബ്ദവോട്ടിൽ തള്ളി. യു.പി.എ സർക്കാറിന്‍റെ വിലപ്പെട്ട ശ്രമങ്ങൾ അവഗണിച്ച് 10 വർഷത്തിനുശേഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത് അനുചിതമാണെന്ന് വിയോജന പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
മോദിസർക്കാറിന്‍റെ 10 വർഷത്തിനിടയിൽ തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായത് അവഗണിച്ച് മുൻ സർക്കാറിനെ പഴിക്കുന്നത് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറലാണ്. രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥ, കാർഷിക മേഖല എന്നിവ തകർച്ചയിലേക്ക് കൂപ്പുകുത്തി. ന്യൂനപക്ഷങ്ങളോടും സ്ത്രീകളോടും കടുത്ത അനീതിയാണ് മോദിസർക്കാർ കാണിച്ചതെന്നും വിയോജന പ്രമേയത്തിൽ പ്രേമചന്ദ്രൻ പറഞ്ഞു.