ഇംഫാൽ: മണിപ്പൂരിൽ ആദ്യഘട്ട വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായ 11 ബൂത്തുകളിൽ റീപോളിങ് തുടങ്ങി. കഴിഞ്ഞ 19ന് നടന്ന വോട്ടെടുപ്പിൽ സംസ്ഥാനത്ത് 69.18 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.
ഖുറൈ അസംബ്ലി മണ്ഡലത്തിൽ മൊയ്രാങ്കാമ്പ് സജീബ് അപ്പർ പ്രൈമറി സ്കൂൾ, എസ്. ഇബോബി പ്രൈമറി സ്കൂൾ (ഈസ്റ്റ് വിങ്), ക്ഷേത്രിഗാവോ-നാല് ബൂത്ത്, തോങ്ജു-ഒരു ബൂത്ത്, ഉറിപോക്ക്-മൂന്ന് ബൂത്ത്, കൊന്തൗജം-ഒരു ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ് നടക്കുന്നത്.
ഏപ്രിൽ 19ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിനിടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സംഘർഷം റിപ്പോർട്ട് ചെയ്തിരുന്നു. നാലിടത്ത് നാല് വോട്ടുയന്ത്രങ്ങൾ അക്രമികൾ തകർക്കുകയും ഒരു ബൂത്തിൽ അജ്ഞാതർ വോട്ടുയന്ത്രം അഗ്നിക്കിരയാക്കുകയും ചെയ്തു. അക്രമികളെ പിരിച്ചുവിടാൻ പൊലീസിന് വെടിവെക്കേണ്ടി വന്നു.
ബിഷ്ണുപുർ ജില്ലയിലെ തമ്നപോക്പിയിൽ ആയുധധാരികൾ പോളിങ് ബൂത്ത് പിടിച്ചെടുക്കാൻ ശ്രമം നടത്തി. വോട്ടർമാരെ പോളിങ്ങിൽ നിന്ന് പിന്തിരിപ്പിക്കലായിരുന്നു ലക്ഷ്യം. അക്രമികൾ തെരഞ്ഞെടുപ്പ് ഏജന്റുമാരെ ഭീഷണിപ്പെടുത്തുകയും പോളിങ് സ്റ്റേഷനിൽ നിന്ന് പുറത്തുപോകാൻ കൽപിക്കുകയും ചെയ്തു.
രണ്ട് ലോക്സഭ മണ്ഡലങ്ങൾ (ഔട്ടർ മണിപ്പൂർ, ഇന്നർ മണിപ്പൂർ) മാത്രമുള്ള മണിപ്പൂരിൽ ഇന്നറിൽ പൂർണമായും ഔട്ടറിലെ 15 നിയമസഭ മണ്ഡലങ്ങളിലുമാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നത്. ഔട്ടറിലെ ബാക്കി 13 നിയമസഭ മണ്ഡലങ്ങളിലെ വിധിയെഴുത്ത് ഏപ്രിൽ 26ന് രണ്ടാം ഘട്ടത്തിലാണ്. സംഘർഷസാധ്യത കണക്കിലെടുത്താണ് ഒരു മണ്ഡലത്തിൽ (ഔട്ടർ മണിപ്പൂർ) രണ്ട് ഘട്ടമായി വോട്ടെടുപ്പ് പ്രഖ്യാപിച്ചത്.