തൃശൂര്‍: റോഡ് ഷോയൊടെ തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. വൈകിട്ട് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരെത്തിയിരുന്നു. കിരീടം സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലും സുരേഷ് ഗോപി മറുപടി നല്‍കി. തൃശൂരിലെ ലൂര്‍ദ്ദ് പള്ളിയിലെ മാതാവിന് കിരീടം സമര്‍പ്പിച്ചത് തന്‍റെ ആചാരത്തിന്‍റെ ഭാഗമാണെന്നും മാതാവത് സ്വീകരിക്കുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. താൻ കിരീടം നല്‍കിയത് വിശ്വാസികള്‍ക്ക് പ്രശ്നമില്ലെന്നും ആരാണ് വര്‍ഗീയത പറയുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു.
വൈകിട്ട് അഞ്ചേമുക്കാലോടെ കേരള എക്സ്പ്രസില്‍ വന്നിറങ്ങിയ സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തു നിന്നത്. ബൈക്ക് റാലിയുടെ അകമ്പടിയോടെ സ്വരാജ് റൗണ്ടിലേക്ക് കടന്നു. തുടര്‍ന്ന് മണികണ്ഠനാലില്‍ നിന്ന് റോഡ് ഷോയ്ക്ക് തുടക്കമായി. ഒന്നര മണിക്കൂര്‍ കൊണ്ട് നഗരം ചുറ്റി കോര്‍പ്പറേഷന് മുന്നില്‍ സമാപിച്ചു. നാളെ ചേര്‍പ്പ് മേഖലയിലാണ് സുരേഷ് ഗോപിയുടെ പര്യടനം. ഇടതു പക്ഷ സ്ഥാനാര്‍ഥി സുനില്‍ കുമാര്‍ ഒല്ലൂര്‍ മണ്ഡലത്തിലായിരുന്നു പര്യടനം. വൈകിട്ട് റോഡ് ഷോ നടത്തി. ടിഎന്‍ പ്രതാപന്‍റെ സ്നേഹ സന്ദേശ യാത്ര നാളെ സമാപിക്കും. വൈകിട്ട് പുതുക്കാട് പ്രതിപക്ഷ നേതാവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.