ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് കളത്തിൽ ഇറങ്ങാനൊരുങ്ങി ബിജെപി. മണ്ഡലങ്ങളിൽ 3 വീതമുള്ള സ്ഥാനാർത്ഥി പട്ടിക സംസ്ഥാന നേതൃത്വം തയാറാക്കുകയാണ്. വയനാട്ടിൽ മത്സരം കടുപ്പിക്കാൻ മുതിർന്ന നേതാക്കളെ ഇറക്കിയേക്കും എന്നാണ് റിപ്പോര്‍ട്ട്. വയനാട് സീറ്റ് ബിഡിജെഎസിൽ നിന്നും ബിജെപി ഏറ്റെടുത്തേക്കും. രാഹുൽ മത്സരിക്കും എന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് നീക്കം. പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കൾ വയനാട്ടിൽ മത്സരിക്കുന്നതും പരിഗണനയിലുണ്ട്. കേരളത്തിൽ ഇത്തവണ 6 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് മത്സരം കടുപ്പിക്കാൻ കേന്ദ്ര നേതാവിനെ ഇറക്കുന്നതും ആലോചനയിലുണ്ട്. എസ് ജയശങ്കറും നിർമ്മല സീതാരാമനും വരെ പരിഗണനയിലുണ്ട്. കോഴിക്കോട് എം ടി രമേശും ശോഭാ സുരേന്ദ്രനുമാണ് സാധ്യത. കാസർകോട് പ്രകാശ് ബാബു, പികെ കൃഷ്ണദാസ്, രവീശ് തന്ത്രി എന്നിവരാണ് പരിഗണനയിലുള്ളത്. കണ്ണൂരിൽ പ്രഫുൽ കൃഷ്ണൻ, കെ രഞ്ജിത്തും എറണാകുളത്ത് അനിൽ ആൻ്റണിയും പരിഗണനയിലുണ്ട്. പത്തനംതിട്ടയിൽ പി സി ജോർജും ആലോചനയിലുണ്ട്. ഇടുക്കി, മാവേലിക്കര, ആലപ്പുഴ എന്നിവ ബിഡിജെഎസിന് കൊടുക്കാനാണ് ആലോചന. ആലപ്പുഴയിൽ തുഷാറിനെ ഇറങ്ങിയേക്കും. ചാലക്കുടിയിൽ ജേക്കബ് തോമസാണ് പരിഗണനയിലുള്ളത്. ആറ്റിങ്ങൽ വി മുരളീധരനും തൃശ്ശൂർ സുരേഷ് ഗോപിയും ഉറപ്പിച്ച് കഴിഞ്ഞു.