ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഹരിതചട്ട പാലനം ഉറപ്പാക്കണമെന്ന് കലക്ടർ ജെറോമിക് ജോർജ്. തെരഞ്ഞെടുപ്പ് പൂർണമായും പ്രകൃതി സൗഹൃദമാക്കാനുള്ള നിർധേശങ്ങളും കലക്ടർ പുറപ്പെടുവിച്ചു. വിവിധ സ്ഥാനാർഥികളും, രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പി.വി.സി. ഫ്ളക്‌സുകൾ, ബാനറുകൾ, ബോർഡുകൾ, പ്ലാസ്റ്റിക് കൊടി തോരണങ്ങൾ എന്നിവ ഉപയോഗിക്കാതിരിക്കുക. തെർമ്മോകോൾ നിർമിത അലങ്കാരങ്ങൾ, എഴുത്തുകൾ എന്നിവ പാടില്ല.പി.വി.സി പ്ലാസ്റ്റിക് കലർന്ന കൊറിയൻ ക്ലോത്ത്, നൈലോൺ, പോളിസ്റ്റർ കൊണ്ടുള്ള തുണി, ബോർഡ് തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക് കോട്ടിങ്ങോ ഉളള പുന:ചംക്രമണം സാധ്യമല്ലാത്ത എല്ലാത്തരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്കുക.
നിരോധിത ഫ്ളക്‌സുകൾക്കു പകരം മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫൈ ചെയ്ത റീ-സൈക്കിൾ ചെയ്യാവുന്ന 100 ശതമാനം കോട്ടൺ, പോളിത്തീൻ എന്നിവയിൽ പി.വി.സി. ഫ്രീ റീസൈക്ളബിൾ, ലോഗോ, പ്രിൻറിങ് യൂനിറ്റിന്റെ പേര്, നമ്പർ, മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നമ്പർ/ക്യൂ.ആർ.കോഡ് എന്നിവ പതിച്ചുകൊണ്ടുള്ളവ മാത്രം ഉപയോഗിക്കുക.പോളിങ് ഉദ്യോഗസ്ഥരും, ഏജൻറുമാരും ഭക്ഷണ പദാർഥങ്ങൾ, കുടി വെളളം മുതലായവ കൊണ്ടുപോകാൻ പ്ലാസ്റ്റിക് ബോട്ടിലുകളും പ്ലാസ്റ്റിക് കണ്ടെയ്‌നറുകളും ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പ് ബോർഡ്, ബാനർ എന്നിവയിൽ പി.വി.സി ഫ്രീ, റീസൈക്ലബിൾ ലോഗോ, പ്രിൻററുടെ പേര്, ഫോൺ നമ്പർ, ഓർഡർ നമ്പർ എന്നിവ രേഖപ്പെടുത്തണം.
ഭക്ഷണ വിതരണത്തിനായി ഡിസ്പോസിബിൾ പ്ലേറ്റുകളും, ഗ്ലാസുകളും ഒഴിവാക്കി സ്റ്റീൽ, ചില്ല്, സിറാമിക് പാത്രങ്ങൾ എന്നിവ ഉപയോഗിക്കുക. വോട്ടെടുപ്പ് അവസാനിച്ചാൽ പ്രചാരണ ബോർഡുകളും, ബാനറുകളും, കൊടി തോരണങ്ങളും ഉടനടി നീക്കം ചെയ്‌ത് പുന:ചംക്രമണത്തിനായി ഹരിതകർമ്മ സേനക്കോ, ബന്ധപ്പെട്ട ഏജൻസിക്കോ കൈമാറണം.രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ ഓഫീസുകൾ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്‌തുക്കൾ ഉപയോഗിക്കണം. തെരഞ്ഞെടുപ്പിന് ഔദ്യോഗികമായി നൽകുന്ന ഫോട്ടോ വോട്ടർ സ്ലിപ്പ്, രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സ്ലിപ്പുകൾ എന്നി പോളിങ് ബൂത്തിലെ പരിസരങ്ങളിൽ ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കി ഇവ ശേഖരിച്ച് കലക്ഷൻ സെൻററുകളിൽ എത്തിച്ച് സ്ക്രാപ്പ് ഡീലർമാർക്ക് കൈമാറുന്നതി നുളള നടപടികൾ സ്വീകരിക്കണം. നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാൽ അനുയോജ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.