ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ കാഹളം മുഴങ്ങിക്കഴിഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ഷന്‍ തിയതികള്‍ പ്രഖ്യാപിച്ചതോടെ കൂടുതല്‍ മുന്നണികളും പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുവരികയാണ്. രാജ്യമെമ്പാടും തെരഞ്ഞെടുപ്പ് ആവേശം പ്രകടം. എന്നാല്‍ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികള്‍ക്ക് തോന്നുംപടി പണം പ്രചാരണത്തിനായി ഉപയോഗിക്കാന്‍ കഴിയില്ല. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് എത്ര രൂപയാണ് പ്രചാരണത്തിനായി പരമാവധി ചിലവഴിക്കാന്‍ കഴിയുക? എല്ലാറ്റിനും കൃത്യമായ കണക്കുകളുണ്ട്.
2024ലെ പൊതു തെരഞ്ഞെടുപ്പില്‍ അരുണാചല്‍ പ്രദേശ്, ഗോവ, സിക്കിം എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ലോക്‌സഭ മണ്ഡലങ്ങളിലെ ഓരോ സ്ഥാനാര്‍ഥിക്കും പരമാവധി 95 ലക്ഷം രൂപയാണ് ഇലക്ഷന്‍ പ്രചാരണത്തിനായി വിനിയോഗിക്കാന്‍ അനുവാദമുള്ളൂ. അരുണാചലിലും ഗോവയിലും സിക്കിമിലും 75 ലക്ഷം രൂപയായി ഇത് നിജപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രഭരണപ്രദേശങ്ങളില്‍ ദില്ലിയിലും ജമ്മു ആന്‍ഡ് കശ്‌മീരിലും 95 ലക്ഷം വീതവും മറ്റ് യുടികളില്‍ ( Union Territories) 75 ലക്ഷവുമാണ് സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിന് പരമാവധി ചിലവഴിക്കാന്‍ കഴിയുക. സ്ഥാനാര്‍ഥിയുടെ നോമിനേഷന്‍ മുതല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്ന ഘട്ടം വരെയുള്ള ചിലവുകളാണ് കണക്കാക്കുക. പൊതു സമ്മേളനങ്ങള്‍, റാലികള്‍, നോട്ടീസുകള്‍, ചുവരെഴുത്തുകള്‍, മറ്റ് പരസ്യങ്ങള്‍ തുടങ്ങി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഓരോ മുക്കൂംമൂലയും കണക്കില്‍ രേഖപ്പെടുത്തും. ഇവ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തും.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ ഇലക്ഷന്‍ നടക്കുന്ന ആന്ധ്രാപ്രദേശിലുമുണ്ട് നിയന്ത്രണങ്ങള്‍. ആന്ധ്രയില്‍ ഒരു നിയമസഭ സ്ഥാനാര്‍ഥിക്ക് പരമാവധി 40 ലക്ഷം രൂപയേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചിലവഴിക്കാന്‍ അനുവാദമുള്ളൂ. ഒരു പാർലമെന്‍റ് മണ്ഡലത്തിൽ ഒരു സ്ഥാനാർഥിക്ക് പരമാവധി ചിലവാക്കാൻ അനുവാദമുള്ള തുക 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 70 ലക്ഷമായിരുന്നു.