ന്യൂഡൽഹി: കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ ലോക്സഭ സസ്പെൻഷൻ പിൻവലിക്കും. സഭ ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് അധീർ ചൗധരിയെ ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ മരവിപ്പിക്കാൻ കമ്മിറ്റി പ്രിവിലേജസ് കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. ഇത് ഉടൻ സ്പീക്കർക്ക് കൈമാറും.
പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നീരവ് മോദിയോട് ഉപമിച്ചതിന്റെ പേരിലായിരുന്നു സസ്പെൻഷൻ.ഇതിൽ ചൗധരി മാപ്പു പറയണമെന്നായിരുന്നു ബി.ജെ.പി അംഗങ്ങളുടെ ആവശ്യം. എന്നാൽ അദ്ദേഹം തയാറായില്ല. തുടർന്ന് ചൗധരിയെ പുറത്താക്കണമെന്ന പ്രമേയം ശബ്ദ വോട്ടോടെ ഭരണപക്ഷ അംഗങ്ങൾ പാസാക്കുകയായിരുന്നു.വെള്ളിയാഴ്ചത്തെ അവകാശ സമിതിയോഗത്തിൽ സസ്പെൻഷൻ പിൻവലിക്കണമെന്ന ഇൻഡ്യ മുന്നണി അംഗങ്ങളുടെ ആവശ്യം ബി.ജെ.പി എതിർത്തിരുന്നില്ല.