ബെംഗളൂരു: ലോക്സഭാ സീറ്റും സർക്കാർ കരാറുകളും തരപ്പെടുത്തി നൽകാമെന്ന് മുൻ എംഎൽഎയിൽ നിന്ന് കോടികൾ വാങ്ങിയതിന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷിയുടെ സഹോദരനും അനന്തരവനും അറസ്റ്റിൽ. മുൻ ജെഡിഎസ് എംഎൽഎയിൽ നിന്ന് പണം തട്ടിയെന്ന പരാതിയിലാണ് ബെംഗളൂരു പൊലീസ് ഗോപാൽ ജോഷിയേയും മകനേയും അറസ്റ്റ് ചെയ്തത്. ഒക്ടോബർ 17നാണ് കേന്ദ്രമന്ത്രിയുടെ സഹോദരനും അനന്തരവനും എതിരെ വഞ്ചനാ കുറ്റത്തിന് കേസ് എടുത്തത്.
ഗോപാൽ ജോഷി, മകനായ അജയ് ജോഷി, ഇവരുടെ സഹായിയും റിയൽ എസ്റ്റേറ്റ് ഏജന്റുമായ വിജയലക്ഷ്മി എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. വിജയലക്ഷ്മിയെ കേന്ദ്രമന്ത്രിയുടെ സഹോദരി എന്ന പേരിലാണ് ഇവർ മുൻ ജെഡിഎസ് എംഎൽഎ ദേവാനന്ദ ഫൂൽ സിംഗ് ചൌഹാൻറെ ഭാര്യ സുനിത ചാവന്റെ പരാതിയിലാണ് നടപടി. വിജയപുര ജില്ലയിലെ നാഗ്ടാൻ മുൻ എംഎൽഎ ആയിരുന്നു ദേവാനന്ദ ഫൂൽ സിംഗ് ചൌഹാൻ. ബിജാപൂർ നിയോജക മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയാക്കാം എന്ന് വാഗ്ദാനം നൽകിയായിരുന്നു വഞ്ചന.
സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഗോപാൽ ജോഷിയും അജയും അറസ്റ്റിലായത്. അതേസമയം തനിക്ക് സഹോദരി ഇല്ലെന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപ് തന്നെ സഹോദരനെ പ്രൽഹാദ് ജോഷി തള്ളിപ്പറഞ്ഞിരുന്നു. ഗോപാൽ ജോഷി ബിജെപി സീറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങിയോയെന്ന് തനിക്ക് അറിയില്ലെന്നും കുറ്റം തെളിഞ്ഞാൽ നിയമ നടപടി സ്വീകരിക്കണമെന്നും പ്രൽഹാദ് ജോഷിവെള്ളിയാഴ്ച ദില്ലിയിൽ വച്ച് മാധ്യമങ്ങളോട് വിശദമാക്കിയിരുന്നു. പൊലീസിൽ ലഭ്യമായ പരാതിയുടെ അന്വേഷണത്തിൽ ബെലഗാവി ജില്ലയിൽ നിന്നുള്ള എൻജിനിയറായ ശേഖർ നായ്ക്ക് ആണ് ചൌഹാനെ ഗോപാൽ ജോഷിയെ പരിചയപ്പെടുത്തിയത്. കേന്ദ്രമന്ത്രിയായ സഹോദരന്റെ സ്വാധീനത്തിൽ ബിജെപി സീറ്റ് നൽകുന്നതിനായി 5 കോടി രൂപയാണ് ഗോപാൽ ജോഷി ആവശ്യപ്പെട്ടത്. ഇത് നിരസിച്ചെങ്കിലും 25 ലക്ഷം രൂപ ടോക്കൺ എന്ന പേരിൽ നൽകാൻ നിർബന്ധിക്കുകയായിരുന്നു.
ഈ തുക വിജയലക്ഷ്മിയുടെ വീട്ടിൽ വച്ചാണ് കൈമാറിയത്. ഈ സമയത്ത് സുനിതയുടെ വിശ്വാസം നേടാനായി അമിത് ഷായുടെ സെക്രട്ടറിയെന്ന പേരിൽ ഒരാളുമായി ഗോപാൽ ജോഷി സംസാരിച്ചിരുന്നു. ഇത് കൂടാതെ 5 കോടി രൂപയ്ക്ക് ഇവരിൽ നിന്ന് തന്ത്രപരമായി ചെക്കും ഗോപാൽ ജോഷി തരപ്പെടുത്തി. സീറ്റ് ലഭിച്ച ശേഷം മാത്രം പണം എടുക്കും എന്ന ധാരണയിലായിരുന്നു ഇത്. സീറ്റ് പ്രഖ്യാപനത്തിന് ശേഷം ഗോപാൽ ജോഷിയെ ചോദ്യം ചെയ്തപ്പോൾ ഈ ചെക്ക് തിരികെ നൽകിയെങ്കിലും 25 ലക്ഷം രൂപ തിരികെ നൽകാൻ തയ്യാറായില്ല. ഇതിന് പുറമേ സർക്കാരിൽ നിന്ന് 200 കോടിയുടെ ഒരു പദ്ധതി നേടിയെടുക്കുന്നതിനായി 2.25 കോടി രൂപയും ഗോപാൽ ജോഷി വാങ്ങിയതായും പരാതിയിൽ ആരോപിക്കുന്നു. 20 ദിവസത്തിനുള്ളിൽ തിരികെ നൽകുമെന്ന് വ്യക്തമാക്കിയായിരുന്നു ഈ പണം വാങ്ങിയത്. പല തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെ ഓഗസ്റ്റ് 1ന് വിജയ ലക്ഷ്മിയുടെ വീട്ടിലെത്തിയെ സുനിതയെ ജാതി അധിക്ഷേപവും ആക്രമണവും നേരിട്ടിരുന്നു. ഇതോടെയാണ് മുൻ എംഎൽഎയുടെ ഭാര്യ പൊലീസിൽ പരാതിപ്പെട്ടത്.