തിരുവനന്തപുരം: കേരളം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സാഹചര്യം പരിഗണിച്ച് ധൂർത്തും ആർഭാടവും ഒഴിവാക്കി ലോക കേരള സഭ നടത്തുവാൻ നിർദേശം നൽകണമെന്ന് മുൻ പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ്. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
‘ഒരു ബിസിനസ് സെഷനായി’ പരിമിതപ്പെടുത്തി സമ്മേളനം നടത്തുന്നതാണ് നല്ലത്. പ്രതിനിധികൾക്ക് എല്ലാവർക്കും വിമാനയാത്രാക്കൂലി നൽകേണ്ട കാര്യമില്ല. അതുപോലെ താമസ ചെലവും ഭക്ഷണ ചെലവും കലാപരിപാടികളുടെ പേരിലുള്ള ധൂർത്തും ഗണ്യമായി കുറക്കുവാൻ കഴിയും.2013ൽ കൊച്ചിയിൽ വെച്ച് കേരളം ആതിഥ്യമരുളിയ ദേശീയ തലത്തിലുള്ള ‘പ്രവാസി ഭാരതീയ ദിവസ്’ സമ്മേളനത്തിനുള്ള ചെലവ് എഴുപത് ലക്ഷം രൂപയിൽ താഴെയായിരുന്നു. ശമ്പളവും പെൻഷനും നൽകാൻ പോലും പണമില്ലാതെ വിഷമിക്കുന്ന സാഹചര്യത്തിൽ പരമാവധി 500 പേർ പങ്കെടുക്കുന്ന ഒരു സമ്മേളനത്തിന് മൂന്നു കോടിയിലേറെ രൂപ ചെലവഴിക്കുന്നതിന് ഒരു ന്യായീകരണമില്ലെന്നും കെ.സി ജോസഫ് വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.