തിരുവനന്തപുരം: ലോക കേരളസഭയുടെ മേഖല സമ്മേളനത്തില്‍ പങ്കെടുക്കാൻ നോർക്ക റൂട്ട്സ് വൈസ് ചെയർമാന് പി. ശ്രീരാമകൃഷ്ണനും സംഘത്തിനും അമേരിക്കയിലേക്ക് പോകാൻ അനുമതി. ജൂൺ അഞ്ച് മുതൽ 13 വരെയാണ് യാത്രക്ക് സർക്കാർ അനുമതി നൽകിയത്. ചെലവ് നോർക്ക വഹിക്കും. ജൂൺ ഒമ്പത് മുതൽ 11 വരെയാണ് സംഗമം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘവും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഹരികൃഷ്ണൻ നമ്പൂതിരി, നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത് കോലശ്ശേരി എന്നിവരും ശ്രീരാമകൃഷ്ണനോടൊപ്പം അമേരിക്കയിലേക്ക് പോകുന്നുണ്ട്. നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
അമേരിക്കയിലും സൗദി അറേബ്യയിലുമായാണ് ലോകകേരള സഭയുടെ രണ്ടു മേഖല സമ്മേളനങ്ങൾ നടക്കുന്നത്. ജൂണിൽ അമേരിക്കയിലും സെപ്റ്റംബറിൽ സൗദിയിലുമാണ് സമ്മേളനം.
ഇതിന് ചീഫ് സെക്രട്ടറി അധ്യക്ഷനും പ്രവാസി വ്യവസായ പ്രമുഖരും നോർക്ക റൂട്സ് ഉദ്യോഗസ്ഥരും അംഗങ്ങളുമായി രണ്ട് സബ് കമ്മിറ്റികൾക്ക് സർക്കാർ രൂപം നൽകിയിരുന്നു. നോർക്ക റൂട്സ് വൈസ് ചെയർമാൻ ഡോ. എം.എ. യൂസുഫലി, ഡയറക്ടർ ഡോ. രവിപിള്ള എന്നിവർ സൗദി മേഖല സമ്മേളന സമിതിയിൽ അംഗങ്ങളാണ്.
പ്രവാസി മലയാളികൾ കൂടുതൽ അധിവസിക്കുന്ന പ്രദേശമെന്നനിലയിലാണ് അമേരിക്കയിലും സൗദിയിലും സമ്മേളനങ്ങളെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. 2022ൽ ലണ്ടനിൽ നടന്ന ലോകകേരള സഭ മേഖല സമ്മേളനത്തിൽ മുഖ്യമന്ത്രി അടക്കം പങ്കെടുത്തിരുന്നു.