തിരുവനന്തപുരം : വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കേസിൽ ഷാഹിദ കമാലിന് അനുകൂലമായി നിലപാടെടുത്ത് ലോകായുക്ത. വിദ്യാഭ്യാസ യോഗ്യത വ്യാജ രേഖയാണെന്ന് തെളിയിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്ന് ലോകായുക്ത പറയുന്നു. കേസില്‍ പരാതിക്കാർക്ക് വിജിലൻസിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത അറിയിച്ചു. ഡോക്ടറേറ്റ് വ്യാജമെന്നായിരുന്നു ലോകായുക്തയിലെ പരാതി. തെറ്റായ വിദ്യാഭ്യാസ യോഗ്യത തെരെഞ്ഞെടുപ്പിന് നൽകിയ ഷാഹിദ കമാലിന് വനിത കമ്മിഷനംഗമായി തുടരാനാകില്ലെന്നാണ് പരാതിക്കാരിയുടെ വാദം. വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്ന് ഷാഹിത ലോകായുക്തയിൽ സമ്മതിച്ചിരുന്നു.
വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനും വനിതാ കമ്മീഷൻ അംഗമാകാനും വ്യാജ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയെന്നാണ് ലോകായുക്തക്ക് മുന്നിലെത്തിയ പരാതി. പരാതിക്കെതിരെ ഷാഹിദ കമാൽ നൽകിയ സത്യവാങ്മൂലത്തിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. 2011 തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോള്‍ ബികോം ബിരുദമുണ്ടെന്ന് തെറ്റായി രേഖപ്പെടുത്തിയെന്ന് ഷാഹിദ കമാൽ സത്യവാങ്മൂലത്തിൽ സമ്മതിച്ചിരുന്നു. 2016ൽ അണ്ണാമലൈ സവ്വകലാശാലയിൽ നിന്നും ബിരുദവും, അതിന് ശേഷം ബിരുദാനന്ദ ബിരുദവും നേടിയെന്നും കോടതിയെ അറിയിച്ചിരുന്നു. കസാഖിസ്ഥാൻ ഓപ്പണ സർവ്വകലാശാലയിൽ നിന്നും ഓണററി ഡോക്ടറേറ്റുണ്ടെന്നുമാണ് കോടതിയെ അറിയിച്ചത്.