തിരുവനന്തപുരം : പൊതുപ്രവര്‍ത്തകരുടെ അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന ലോകായുക്തയുടെ അധികാരത്തിനു കടിഞ്ഞാണിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കള്‍ എന്നിവരുമുണ്ടാകും. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാണ് ആവശ്യം. അപ്പീല്‍ അവകാശം കൊണ്ടുവരാനാണെങ്കില്‍ അത് ഹൈക്കോടതിക്കാണ് നല്‍കേണ്ടത് എന്ന അഭിപ്രായമാണ് പ്രതിപക്ഷത്തിനുള്ളത്. അല്ലാതെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാതി ഗവര്‍ണരും മന്ത്രിമാര്‍ക്കെതിരെയുള്ള പരാതി മുഖ്യമന്ത്രിയും തീര്‍പ്പുകല്‍പ്പിക്കുന്നത് നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന വാദവും പ്രതിപക്ഷം ഗവര്‍ണര്‍ക്കു മുന്നില്‍ വയ്ക്കും.
വിഷയത്തില്‍ സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും അഭിപ്രായം കേട്ടശേഷം ഗവര്‍ണര്‍ക്ക് നിയമോപദേശം തേടാം. കൂടാതെ സര്‍ക്കാരിനോട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെടാം. ഇതൊന്നുമല്ലെങ്കില്‍ നിയമസഭാ സമ്മേളനം വരെ തീരുമാനം നീട്ടിവയ്ക്കാം. ലോകായുക്തയുടെ അധികാരം ഗണ്യമായി ചുരുക്കുന്നതും അപ്പീല്‍ അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതുമായ ഓര്‍ഡിനന്‍സാണ് വിവാദമായിരിക്കുന്നത്. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധവും ഹൈക്കോടതിയുടെ അധികാരം പോലും കവരുന്നതുമാണെന്ന വിമര്‍ശനം.