തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരായ ലോകായുക്തയിലെ ഹർജി വിധി പറയാൻ മാറ്റി. മന്ത്രിസഭാ തീരുമാനങ്ങൾ ലോകായുക്തയ്ക്ക് ചർച്ച ചെയ്യാൻ കഴിയില്ലെന്ന് സർക്കാർ അറിയിച്ചു. മാനുഷിക മൂല്യങ്ങൾ മുൻനിർത്തിയാണ് ഫണ്ട് വിനിയോഗം നടത്തിയത്, അതിൽ അപാകതയില്ല. ഫണ്ട് വിനിയോഗത്തിൽ വീഴ്ച്ച ഉണ്ടെന്നത്തിന്റെ തെളിവ് ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ല. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിർ കക്ഷികളാക്കി ആർ.എസ്.ശശികുമാറാണ് ഹർജി ചെയ്തത്. വാദം പൂർത്തിയായതോടെ ഹർജി ഉത്തരവിനായി മാറ്റി. എന്നാൽ മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണെന്നും അതിനെ ലോകയുക്തയിൽ ചോദ്യം ചെയ്യാൻ പാടില്ലെന്നും സർക്കാർ വാദിച്ചു. ദുരിതമനുഭവിക്കുന്നവരെ സർക്കാർ സഹായിക്കുമെന്ന സന്ദേശമാണ് തീരുമാനത്തിലുള്ളതെന്നും സർക്കാർ വിശദീകരിച്ചു.
എന്നാൽ ദുരിതാശ്വാസനിധി ലഭിച്ചവർക്കെതിരായല്ല തൻറെ പരാതിയെന്നും, നിയമവിരുദ്ധമായി ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്യാൻ തീരുമാനിച്ച മന്ത്രിസഭാങ്ങൾക്കെതിരെയാണെന്നും ഹർജിക്കാരൻ വാദിച്ചു. ദുരിതാശ്വാസ നിധി അനുവദിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ ഉണ്ടെന്നും ഇത് മന്ത്രിസഭയ്ക്കും ബാധകമാണെന്ന് ഉപ ലോകയുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് നിരീക്ഷിച്ചു.ദുരിതാശ്വാസ നിധിയിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ച മൂന്നുപേരെയും എതിർകക്ഷികളാക്കാത്തത് എന്തെന്ന് ഉപലോകായുക്ത ആരാഞ്ഞു.