തിരുവനന്തപുരം : ലോകായുക്ത ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരെ രമേശ് ചെന്നിത്തല. അഴിമതി നടത്തുന്നത് ഭരണാധികാരികള്‍ ആയാല്‍ സ്വയരക്ഷയ്ക്ക് വേണ്ടി പുതിയ നിയമം കൊണ്ടുവരുമെന്നാണ് ചെന്നിത്തലയുടെ വിമര്‍ശനം. മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ്. ലോകായുക്ത വിഷയത്തില്‍ നിരാകരണ പ്രമേയം നല്‍കുമെന്നും ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രി വിദേശത്ത് നിന്നുവന്നപ്പോള്‍ പ്രവാസികള്‍ക്കുള്ള ക്വാറന്റീനില്‍ വരെ മാറ്റം കൊണ്ടുവന്നു. തട്ടിപ്പും കൊള്ളയും നടത്തുന്നവര്‍ ഭരണാധികാരികളായാല്‍ അവര്‍ സ്വയം രക്ഷയ്ക്കായി നിയമനിര്‍മാണങ്ങള്‍ കൊണ്ടുവരും. അതാണ് ലോകായുക്ത ഓര്‍ഡിനന്‍സില്‍ സംഭവിച്ചത്. ഭരണാധികാരികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും ഏത് അഴിമതിയും കേരളത്തില്‍ നടത്താനുള്ള പൂര്‍ണമായ ലൈസന്‍സ് ആണ് സര്‍ക്കാര്‍ കൊടുത്തിരിക്കുന്നത്. അതിനുകൂട്ടുനില്‍ക്കുകയാണ് ഗവര്‍ണറും’. രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത ഹര്‍ജികള്‍ ഈ മാസം 25ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ക്യാബിനറ്റ് കൂട്ടായെടുക്കുന്ന തീരുമാനം ചോദ്യംചെയ്യാനാകില്ലെന്നാണ് സര്‍ക്കാര്‍ ഇന്ന് കോടതി മുമ്പാകെ പറഞ്ഞത്. മന്ത്രിസഭയുടെ തീരുമാനത്തില്‍ മന്ത്രിമാര്‍ക്ക് ഉത്തരവാദിത്തമുണ്ടോയെന്ന ചോദ്യമാണ് ഹിയറിങിനിടെ ലോകായുക്ത ഉന്നയിച്ചത്. സെക്ഷന്‍ 14ന്റെ ഭരണഘടനാ വിരുദ്ധത മനസിലാക്കാന്‍ 22 വര്‍ഷം വേണ്ടിവന്നല്ലേയെന്നും ലോകായുക്ത ഇന്ന് സര്‍ക്കാരിനോട് ചോദിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട കോടതിവിധികളുണ്ടെങ്കില്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ മാത്രമേ ലോകായുക്തയുടെ പരിധിയില്‍ വരികയുള്ളൂ എന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചത്.