ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഒരേദിശയിൽ പറന്നുയർന്ന രണ്ടു വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. 3000 അടി ഉയരത്തിൽ ഒരേ ദിശയിൽ അടുത്തടുത്ത് രണ്ട് വിമാനങ്ങൾ ശ്രദ്ധയിൽ പെട്ട റഡാർ കൺട്രോളറുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 42 കാരനായ ലോകേന്ദ്ര സിങ്ങാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. രണ്ട് വിമാനങ്ങൾക്കും ദിശമാറ്റാനുള്ള മുന്നറിയിപ്പ് നൽകിയതോടെ തലനാരിഴയ്ക്ക് ആ അപകടം ഒഴിവായി. പൈലറ്റുമാരെ വിവരമറിയിച്ചതോടെ ഒരു വിമാനം ഇടതുവശത്തേക്കും മറ്റൊരു വിമാനം വലതുവശത്തേക്കും തിരിച്ചുവിട്ടാണ് വൻ അപകടം ഒഴിവാക്കിയത്. യാത്രക്കാരും വിമാനജീവനക്കാരുമായി 428 പേരാണ് ഇരുവിമാനങ്ങളിലുമായുണ്ടായിരുന്നത്. ഈ മാസം ഏഴിന് രാവിലെ കൊൽക്കത്തയിലേക്കും (6 ഇ-455) ഭുവനേശ്വറിലേക്കുമുള്ള (6 ഇ-246) ഇൻഡിഗോ വിമാനങ്ങളാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ ഒരേദിശയിൽ പറന്നുയർന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) അറിയിച്ചു. കുറ്റക്കാർക്കെതിരേ കർശനനടപടിയെടുക്കുമെന്ന് ഡി.ജി.സി.എ. മേധാവി അരുൺകുമാർ പറഞ്ഞു. വിമാനങ്ങൾ 3000 അടിയോളം ഉയരത്തിലെത്തിയപ്പോളാണ് ദിശ തിരിച്ചുവിട്ടത്. രാവിലെ അഞ്ചുമിനിറ്റിന്റെ ഇടവേളയിലാണ് രണ്ടുവിമാനങ്ങളും പറന്നുപൊങ്ങിയത്. സമാന്തര റൺവേകളിൽനിന്ന് ഒരേ ദിശയിൽ പറന്ന വിമാനങ്ങൾ അപകടകരമായനിലയിൽ അടുത്തെത്തുകയായിരുന്നു. എന്നാൽ ഈ സംഭവത്തെക്കുറിച്ച് ഇൻഡിഗോയുടെ ലോഗ്ബുക്കിൽ രേഖപ്പെടുത്തിയിട്ടില്ല. എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിച്ചിട്ടുമില്ലെന്ന് ഡി.ജി.സി.എ. പറഞ്ഞു.
ബെംഗളൂരു-കൊൽക്കത്ത വിമാനത്തിൽ 176 യാത്രക്കാരും ആറു ജീവനക്കാരുമാണുണ്ടായിരുന്നത്. ബെംഗളൂരു-ഭുവനേശ്വർ വിമാനത്തിൽ 238 യാത്രക്കാരും ആറു ജീവനക്കാരുമുണ്ടായിരുന്നു. മൊത്തം 426 പേർ. ആശയവിനിമയത്തിലുണ്ടായ പിഴവാണ് പ്രശ്നത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. ബെംഗളൂരു വിമാനത്താവളത്തിൽ വടക്കും തെക്കുമായി രണ്ടു റൺവേകളാണുള്ളത്. ഇതിൽ വടക്കേ റൺവേ വിമാനമിറങ്ങാനും തെക്കേ റൺവേ പറന്നുയരാനുമാണ് ഉപയോഗിക്കാറ്. സംഭവംനടന്ന ദിവസം രാവിലെ രണ്ടിനുമായി വടക്കേ റൺവേ ഉപയോഗിച്ചാൽ മതിയെന്ന് ഷിഫ്റ്റ് ഇൻ ചാർജ് തീരുമാനിച്ചു. എന്നാൽ, തെക്കേ റൺവേയുടെ പ്രവർത്തനം നിർത്തിവെക്കാനുള്ള അറിയിപ്പ് അവിടത്തെ ടവർ കൺട്രോളർക്ക് ലഭിച്ചില്ല.
ഇതിന്റെ ഫലമായി രണ്ടു റൺവേകളിലെയും ട്രാഫിക് കൺട്രോളർമാർ വിമാനങ്ങൾക്കു പറക്കാൻ അനുമതിനൽകുകയായിരുന്നു. 3000 അടി ഉയരത്തിൽ ഒരേ ദിശയിൽ അടുത്തടുത്ത് രണ്ട് വിമാനങ്ങൾ ശ്രദ്ധയിൽ പെട്ട റഡാർ കൺട്രോളറുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 42 കാരനായ ലോകേന്ദ്ര സിങ്ങാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. രണ്ട് വിമാനങ്ങൾക്കും ദിശമാറ്റാനുള്ള മുന്നറിയിപ്പ് നൽകിയതോടെ തലനാരിഴയ്ക്ക് ആ അപകടം ഒഴിവായി.