തിരുവനന്തപുരം > ശശി തരൂർ എംപിയുടേയും എം വിൻസന്റ് എംഎൽഎയുടേയും പ്രവർത്തനങ്ങളിലും നിലപാടിലും അതൃപ്‌തരായ കോൺഗ്രസുകാർ പ്രതിഷേധവുമായി രംഗത്ത്. ഞായറാഴ്‌ച കോവളം മണ്ഡലത്തിലെ ആലുവിളയിൽ തരൂരിന്റെ വാഹനപര്യടനമെത്തിയപ്പോൾ പ്രവർത്തകർ കൂക്കിവിളിച്ച് പ്രതിഷേധിച്ചു. ഷാൾ ഉൾപ്പെടെയുള്ളവ സ്ഥാനാർഥിക്കുനേരെ വലിച്ചെറിഞ്ഞു.
ഞായർ രാവിലെ 9നു ശേഷം ആലുവിളയിൽ എത്തിയപ്പോഴാണ് സ്ഥാനാർഥിക്കുനേരെ പ്രവർത്തകരുടെ രോഷപ്രകടനമുണ്ടായത്. തരൂരും എം വിൻസെന്റും സഹോദരനും കെപിസിസി അംഗവുമായ വിൻസന്റ് ഡി പോളും ചേർന്ന് പ്രദേശത്തെ പ്രവർത്തകരേയും നേതാക്കളേയും അവഗണിക്കുന്നു എന്ന പരാതി നിലനിൽക്കുന്നുണ്ടായിരുന്നു. ഇവർ മണ്ഡലം, ബ്ലോക്ക് നേതാക്കളെ ഒരു കാര്യവും അറിയിക്കാറില്ലത്രേ. അതിനെതിരേ പ്രതിഷേധമുള്ള ഒരു വിഭാഗം അമ്പലംമുക്ക് എന്ന സ്ഥലത്ത് പ്രത്യേകം സ്വീകരണം ഒരുക്കി. മുന്നൂറോളം ആളുകൾ കൂടി. എന്നാൽ അവിടത്തെ സ്വീകരണം ഏറ്റുവാങ്ങേണ്ടതില്ലെന്ന് എം വിൻസന്റ് എംഎൽഎ തരൂരിനോട് നിർദേശിച്ചുവെന്നും തുടർന്നാണ് തങ്ങൾ പ്രതിഷേധിച്ചതെന്നും നേതാക്കൾ പറഞ്ഞു. പ്രതിഷേധിച്ചവർക്കെതിരേ വിൻസെന്റിന്റെ അനുയായികൾ രംഗത്തുവന്നതോടെ സംഘർഷമായി. പ്രവർത്തകരും നേതാക്കളും ഇടപെട്ട് തരൂരിനെ രക്ഷപ്പെടുത്തി അടുത്ത സ്വീകരണ സ്ഥലത്തേക്ക് എത്തിക്കുകയായിന്നു.
ബാലരാമപുരം നോർത്ത്, സൗത്ത് മണ്ഡലം കമ്മിറ്റികളിലെ ഇരുന്നൂറോളം പ്രവർത്തകരെ വിൻസെന്റും സഹോദരനും തരൂരും ചേർന്ന് മാറ്റിനിർത്തിയിരിക്കുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. 40 വർഷക്കാലമായി കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കുന്നവരാണിവർ. ബ്ലോക്ക്, മണ്ഡലം നേതാക്കൾക്ക് കടുത്ത അവഗണനയാണെന്നും പ്രതിഷേധക്കാർ പറയുന്നു. ഡിസിസി ജനറൽ സെക്രട്ടറി വിപിൻജോസ്, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ടി എസ് ലാലു, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ആനന്ദ്, എം എം നൗഷാദ്, മുതിർന്ന നേതാവ് തങ്കരാജൻ, യൂത്ത്‌കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷാലിൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനൂപ് തങ്കരാജ്, ബൂത്ത് പ്രസിഡന്റ് സുനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.