തിരുവനന്തപുരം: കേരളം വിധി എഴുതാൻ ഇനി അഞ്ച് നാൾ മാത്രം. പരസ്യ പ്രചാരണം അവസാനിക്കാൻ മൂന്ന് ദിവസം കൂടിയാണുള്ളത്. വോട്ടെടുപ്പിന് മുൻപുള്ള ഞായറാഴ്ച പരമാവധി വോട്ടർമാരെ കാണാനുള്ള ഓട്ടത്തിലാകും ഇന്ന് സ്ഥാനാർത്ഥികൾ. കേരളത്തിലെ പ്രചാരണം കൊഴുപ്പിച്ച് ദേശീയനേതാക്കളും കളത്തിലുണ്ട്. രാജ്യം ഉറ്റുനോക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ മത്സരം കടുക്കുകയാണ്. പരമാവധി വോട്ടുപെട്ടിയിലാക്കാൻ ദേശീയ നേതാക്കൾ അടക്കമാണ് തിരുവനന്തപുരത്തും മറ്റു ജില്ലകളിലും എത്തുന്നത്. വടകരയെ പോലെ തന്നെ തൃശൂരും അവസാനലാപ്പിലേക്ക് എത്തിയപ്പോൾ പൂരത്തിലെ പ്രശ്നങ്ങളാണ് ചര്‍ച്ചയാകുന്നത്.
പൂരത്തിന്‍റെ മണ്ണായ തൃശൂരില്‍ തെരഞ്ഞെടുപ്പ് ചർച്ചകളും പൂരം കേന്ദ്രീകരിച്ച് തന്നെയായിരുന്നു. വെടിക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുകയാണ്. അവസാന നിമിഷത്തെ നിയന്ത്രണങ്ങൾ പൂര പ്രേമികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കി. പൂരപ്രേമികളെ നിരാശരാക്കി പകൽ വെടിക്കെട്ട് നടത്തേണ്ടി വന്നു. വെടിക്കെട്ട് തടസ്സപ്പെട്ട് പകലിലേക്ക് നീണ്ടതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് യുഡിഎഫിന്റെയും എൻഡിഎയുടെയും ആവശ്യം. സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണറുടെ ഇടപെടൽ സംബന്ധിച്ച് സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷിക്കണമെന്നാണ് എല്‍ഡിഎഫ് ആവശ്യം.
വടകരയിലും തുടക്കം മുതല്‍ അവസാന ദിവസങ്ങളിലും ചൂടേറിയ പ്രചാരണമാണ് നടക്കുന്നത്. ശൈലജക്ക് എതിരായ സൈബർ ആക്രമണവും തുടരെ തുടരെ അതിലുണ്ടായ കേസുകളുമാണ് ഏറ്റവും ഒടുവിലായി ചര്‍ച്ചയായത്. ഷാഫിയുടെ അറിവോടെയാണ് ഇതെല്ലാമെന്ന് പറഞ്ഞ് ഇടത് മുന്നണി ഇന്നലെ കളം മാറ്റി. അതേസമയം, മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചെന്ന് താന്‍ അവകാശപ്പെട്ടിട്ടില്ലെന്നും പോസ്റ്ററുകള്‍ പ്രചരിപ്പിച്ചുവെന്നാണ് പറഞ്ഞതെന്നും കെ കെ ശൈലലജ വ്യക്തമാക്കിയത്. ഞായറാഴ്ച 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തില്‍ സജീവമായിരിക്കും. അവസാന ഘട്ടത്തില്‍ പരമാവധി വോട്ടര്‍മാരെ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.