ജിമ്മിലൊക്കെ പോയി ദിവസവും വര്‍ക്ഔട്ട് ചെയ്തിട്ട് ദിവസത്തിന്‍റെ ബാക്കി സമയം വെറുതെ കുത്തിയിരിക്കുന്നത് ഈ വ്യായാമത്തിന്‍റെ ഗുണങ്ങളെ ഇല്ലാതാക്കുമെന്ന് പഠനം. ഫിന്‍ലന്‍ഡിലെ ഒരു സംഘം ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ആക്ടീവ് കൗച്ച് പൊട്ടറ്റോ എന്നാണ് ഇത്തരം ആളുകളെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.
3700 പുരുഷന്മാരെയും സ്ത്രീകളെയും ഉള്‍ക്കൊള്ളിച്ച് നടത്തിയ പഠനത്തില്‍ ഇവരുടെ ചലനങ്ങളെ കുറഞ്ഞത് ഒരാഴ്ചത്തേക്ക് നിരീക്ഷിക്കാന്‍ ശരീരത്തില്‍ ശാസ്ത്രീയമായ ട്രാക്കിങ് ഉപകരണങ്ങള്‍ ഘടിപ്പിച്ചു. ദിവസവും അര മണിക്കൂര്‍ വര്‍ക്ഔട്ട് ചെയ്ത വ്യക്തികള്‍ പിന്നീടുള്ള അവരുടെ ദിവസത്തില്‍ 10 മുതല്‍ 12 മണിക്കൂര്‍ അലസരായി ഇരിക്കുന്നുണ്ടെങ്കില്‍ അവരുടെ പ്രമേഹവും കൊളസ്ട്രോള്‍ തോതും ശരീരത്തിലെ കൊഴുപ്പിന്‍റെ അളവും ഉയര്‍ന്നgതന്നെ ഇരിക്കാനാണ് സാധ്യതയെന്ന് പഠനത്തില്‍ കണ്ടെത്തി. വ്യായാമം ചെയ്തില്ലെങ്കിലും ദിവസം കുറച്ചൊക്കെ സജീവമായി എഴുന്നേറ്റ് നടക്കുന്നവര്‍ക്ക് ആക്ടീവ് കൗച്ച് പൊട്ടറ്റോകളെക്കാള്‍ ആരോഗ്യമുണ്ടായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
ദീര്‍ഘനേരമുള്ള ഇരിപ്പിന്‍റെ ദോഷഫലങ്ങളെ മറികടക്കാന്‍ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വ്യായാമം കൊണ്ട് സാധിക്കില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഔലു സര്‍വകലാശാലയിലെ പോസ്റ്റ്ഡോക്ടറല്‍ സയന്‍റിസ്റ്റ് വാഹിദ് ഫരാഹി ചൂണ്ടിക്കാട്ടി. വ്യായാമം ചെയ്യുന്നുണ്ടെങ്കിലും ദിവസത്തിന്‍റെ മറ്റ് സമയങ്ങളില്‍ കഴിവതും ചെറിയ തോതിലെങ്കിലും നടക്കാന്‍ ശ്രമിക്കണമെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. പടി കയറുക, വീട് വൃത്തിയാക്കുക, ഇടനാഴിയിലൂടെ നടക്കുക പോലുള്ള ലഘു വ്യായാമങ്ങളും ആകാം. ഇത്തരത്തിലുള്ള ലഘുവ്യായാമങ്ങള്‍ ദിവസവും 80 മുതല്‍ 90 മിനിറ്റ് ആകുന്നത് ഉത്തമമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.