തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ സ്വകാര്യ ആശുപത്രികൾക്കു മുൻഗണന ലഭിക്കുമ്പോൾ സർക്കാർ ആശുപത്രികൾക്കു കോടികൾ നഷ്ടമാകുന്നു. എല്ലാ രോഗങ്ങൾക്കും വ്യത്യസ്ത നിരക്കു നിശ്ചയിച്ച് സർക്കാർ ആശുപത്രികൾക്കു ലഭിക്കേണ്ട തുക അട്ടിമറിച്ചു.
സ്വകാര്യ ആശുപത്രികളെ കിടക്കകളുടെ എണ്ണത്തിന് അനുസരിച്ചു മൂന്നായി തിരിച്ചാണു നിരക്കു തീരുമാനിച്ചത്. സർക്കാർ ആശുപത്രികളിൽ താഴെ തലം മുതൽ മെഡിക്കൽ കോളജ് ആശുപത്രിക്കു വരെ ഏതു ചികിത്സയ്ക്കും ഒരു നിരക്കേയുള്ളൂ. ശസ്ത്രക്രിയകളും ചികിത്സകളും സേവനങ്ങളുമായി 1920 ഇനങ്ങളാണ് മെഡിസെപ്പിൽ ഉള്ളത്. ഇതിൽ ഭൂരിഭാഗത്തിലും സർക്കാർ ആശുപത്രികളെക്കാൾ ഇരട്ടിയിലേറെ തുക സ്വകാര്യ ആശുപത്രികൾക്കു ലഭിക്കും.
എല്ലാ ആശുപത്രികൾക്കും ഒരേ നിരക്കാണെന്നായിരുന്നു കരാറിലെ ധാരണ. എന്നാൽ ജില്ല, ജനറൽ ആശുപത്രി വരെയുള്ള സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ആരോഗ്യ ഡയറക്ടറേറ്റും (ഡിഎച്ച്എസ്) മെഡിക്കൽ കോളജ് ആശുപത്രിയുടെ മേൽനോട്ടം വഹിക്കുന്ന ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റുമായി (ഡിഎംഇ) ഇൻഷുറൻസ് കമ്പനി കരാറിൽ ഏർപ്പെട്ടു. അതിൽ പറഞ്ഞിരിക്കുന്ന നിരക്കാണ് ഇപ്പോൾ നിലവിലുള്ളത്. ഡിഎച്ച്എസും ഡിഎംഇയും ഇത്തരമൊരു കരാറിൽ ഏർപ്പെട്ടത് ആരോഗ്യ വകുപ്പ് അറിഞ്ഞിട്ടില്ലെന്നാണു വിവരം. പദ്ധതിയുടെ ഉദ്ഘാടനത്തിനു മുൻപ് കരാറിൽ ഏർപ്പെടണമെന്നു സർക്കാരിൽനിന്നു സമ്മർദം ഉണ്ടായിരുന്നെന്നാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.
മെഡിസെപ്പിന്റെ ചർച്ചയിൽ ഈ വിഷയം ഉയർന്നു. ധനവകുപ്പും ഇൻഷുറൻസ് കമ്പനിയും തമ്മിൽ ഒപ്പിട്ട കരാറിനു മാത്രമേ സാധുതയുള്ളൂവെന്നാണു മന്ത്രി കെ.എൻ.ബാലഗോപാൽ മറുപടി നൽകിയത്. പക്ഷേ, ഡിഎംഇയും ഡിഎച്ച്എസും ഒപ്പുവച്ച കരാർ അനുസരിച്ചുള്ള തുക മാത്രമേ സർക്കാർ ആശുപത്രികൾക്ക് ഇപ്പോഴും അനുവദിക്കുന്നുള്ളൂ.
ഇൻഷുറൻസ് കമ്പനി നൽകുന്ന തുകയിൽ വൻ അന്തരം
സുഖപ്രസവത്തിൽ ഒരു കുട്ടിയായാലും ഇരട്ടക്കുട്ടികളായാലും സർക്കാർ ആശുപത്രിക്ക് ഇൻഷുറൻസ് കമ്പനി 7000 രൂപയേ നൽകൂ. സുഖപ്രസവത്തിനു സ്വകാര്യ ആശുപത്രികൾക്ക് സ്ലാബ് അനുസരിച്ച് 15,000 മുതൽ 17,500 രൂപ വരെ ലഭിക്കും; ഇരട്ടക്കുട്ടികളെങ്കിൽ 16,400 – 19,000 രൂപ.
സർക്കാർ ആശുപത്രിയിൽ ഒരു കുട്ടിക്കും ഇരട്ടക്കുട്ടിക്കുമുള്ള സിസേറിയന് 12,000 രൂപയാണു നിരക്ക്. സ്വകാര്യ ആശുപത്രികൾക്ക് ഒരു കുട്ടിയുടെ സിസേറിയനു 15,600 മുതൽ 18,000 രൂപ വരെയും ഇരട്ടക്കുട്ടികളെങ്കിൽ 16,400 മുതൽ 19,000 രൂപ വരെയും കൊടുക്കും.
തിമിര ശസ്ത്രക്രിയ സർക്കാർ ആശുപത്രിയിലാണെങ്കിൽ 4000 രൂപയേ അനുവദിക്കൂ. സ്വകാര്യ ആശുപത്രിക്ക് 22,500 – 25,900 രൂപ നൽകും. ബൈപാസ് ശസ്ത്രക്രിയയ്ക്കു സർക്കാർ ആശുപത്രികൾക്ക് 1.18 ലക്ഷം രൂപയും സ്വകാര്യ ആശുപത്രികൾക്ക് 1.70 ലക്ഷവുമാണ് അനുവദിക്കുന്നത്. ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെ എല്ലാ ചികിത്സകൾക്കും ഈ അന്തരം ഉണ്ട്.