മലപ്പുറം : അങ്ങാടിപ്പുറം സ്വദേശിയായ വയോധികന് നഷ്ടപ്പെട്ട ബാഗും പണവും കണ്ടെത്തി നൽകി പെരിന്തൽമണ്ണ പൊലീസ്. അങ്ങാടിപ്പുറത്ത് മംഗലത്ത് മനയിൽ ശ്രീകുമാരൻ തമ്പി ട്രഷറിയിൽ നിന്ന് പണമെടുത്ത് പുറത്തുവന്നു നിർത്തിയിട്ടിരുന്ന തന്റെ സ്‌കൂട്ടറിന് പകരം അതേ നിറത്തിലുള്ള മറ്റൊരു സ്‌കൂട്ടറിൽ പണം വെക്കുകയും പിന്നീട് വീണ്ടും ട്രഷറിയിലേക്ക് പോയി തിരികെ വന്ന് തന്റെ സ്വന്തം സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയുമായിരുന്നു.
വീട്ടിലെത്തി നോക്കുമ്പോൾ പണം വെച്ച ബാഗ് നഷ്ടപ്പെട്ടതായി മനസ്സിലായി. ഉടൻതന്നെ പെരിന്തൽമണ്ണ ട്രഷറി പരിസരത്തെത്തി ബാഗ് വെച്ച വാഹനത്തെ കുറിച്ച് അന്വേഷണം നടത്തി. നിരാശനായി മനോവിഷമത്തിൽ നിൽക്കുന്നത് കണ്ട് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ ഉല്ലാസ് കാര്യം അന്വേഷിക്കുകയും പ്രശ്നം സ്റ്റേഷനിലെ എസ് ഐ നൗഷാദിനെ അറിയിക്കുകയുമായിരുന്നു. ഉടൻതന്നെ സമീപത്തെ സി സി ടി വി ക്യാമറകൾ പരിശോധിച്ചു.
ബാഗ് മറന്നുവെച്ച വാഹനത്തിന്റെ ഉടമസ്ഥനെ കണ്ടെത്തി. സ്റ്റേഷനിൽ വിളിച്ചു വരുത്തി. പണവും ബാഗും തന്റെ വാഹനത്തിലുള്ളത് അദ്ദേഹം അറിഞ്ഞിരുന്നില്ല. ആലിപ്പറമ്പ് സ്വദേശിയായ വാഹന ഉടമ പണവും ബാഗും സ്റ്റേഷനിൽ തിരിച്ചേൽപ്പിച്ചു. ശ്രീകുമാരൻ തമ്പിക്ക് പെരിന്തൽമണ്ണ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രാജീവ് കുമാർ പണവും ബാഗും തിരികെ നൽകുകയായിരുന്നു.