കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മാനേജർ എം.പി.റിജിലിനെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ച റിജിലിനെ ക്രൈം ബ്രാഞ്ച് എ സി പി യുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തിരുന്നു. താൻ ഒറ്റക്കാണ് തട്ടിപ് മുഴുവൻ നടത്തിയതെന്നു റിജിൽ ക്രൈം ബ്രാഞ്ചിനു മൊഴി നൽകി. തട്ടിയെടുത്ത പണത്തിൽ ഭൂരിഭാഗവും നിക്ഷേപിച്ചിരുന്നത് ഓഹരി വിപണിയിലാണെന്നാണ് റിജിൽ പറയുന്നത്. 7 ലക്ഷത്തിലേറെ രൂപ ഓൺലൈൻ ചൂതാട്ടത്തിൽ നഷ്ടമായെന്നും റിജിൽ അന്വേഷണ സംഘത്തോട് പറഞ്ഞു.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും ഭവന വായ്പയായി എടുത്ത 50 ലക്ഷം രൂപ ഓഹരി വിപണിയിൽ നഷ്ടമായിരുന്നു. ഇതിനെ തുടർന്ന് കോർപറേഷൻ അക്കൗണ്ടിൽ നിന്നും പണം എടുത്താണ് വീടുപണി നടത്തിയതെന്നും റിജിൽ മൊഴി നൽകി. പേർസണൽ ലോണായി എടുത്ത 25ലക്ഷം രൂപയിലേറെ ഓഹരി വിപണിയിൽ നഷ്ടമായി. ഈ ലോണിന്റെ ഇ എം ഐ അടച്ചിരുന്നത് കോർപറേഷൻ അക്കൗണ്ടിലെ പണം ഉപയോഗിച്ചാണെന്നും റിജിൽ അന്വേഷണ സംഘത്തോട് പറഞ്ഞു.