ലോകത്തെ തന്നെ ഏറ്റവും പ്രചാരമേറിയ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്ട്‌സ് ആപ്പ്. ലോകമെമ്പാടും 2 ബില്യൺ ഉപഭോക്താക്കളാണ് വാട്ട്‌സ് ആപ്പിന് ഉള്ളത്. ഏറ്റവും കൂടുതൽ ഫീച്ചറുകൾ അവതരിപ്പിച്ച് അപ്‌ഡേറ്റ്‌സ് നൽകുന്ന ആപ്പും വാട്ട്‌സ് ആപ്പ് തന്നെയാണ്. ഇപ്പോഴിതാ വാട്ട്‌സ് ആപ്പ് ലോകം കാത്തിരുന്ന ഒരു ഫീച്ചറിന്റെ പണിപ്പുരയിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാട്ട്‌സ് ആപ്പിൽ മെസേജ് അയക്കുമ്പോൾ ചിലപ്പോൾ തെറ്റുകൾ വരാറുണ്ട്. ആ മെസേജ് ഡിലീറ്റ് ചെയ്ത് പുതിയ സന്ദേശം അയക്കുന്നതാണ് നിലവിലെ രീതി. എന്നാൽ ഇനി തെറ്റിയ മെസേജുകൾ ഡിലീറ്റ് ചെയ്യാതെ എഡിറ്റ് ചെയ്യാൻ പുതിയൊരു ഓപ്ഷൻ വരികയാണ്. മെസേജുകൾ അയച്ച് 15 മിനിറ്റിനകം തന്നെ എഡിറ്റ് ചെയ്യാൻ സാധിക്കും. ഈ സമയപരിധി കടന്നാൽ പിന്നെ എഡിറ്റ് ചെയ്യാൻ സാധിക്കില്ല. ആപ്പിളിന്റെ ഐമെസേജ് ആപ്പിലേത് സമാനമായ എഡിറ്റ് ബട്ടനാകും വാട്ട്‌സ് ആപ്പിലും വരിക. ഇതോടെ സന്ദേശങ്ങളിലെ വിവിധ പിഴവുകൾക്ക് പരിഹാരമാവുകയാണ്. ഐഒഎസ് 23.4.0.72 ലെ വാട്ട്‌സ് ആപ്പ് ബീറ്റാ വേർഷനിൽ ആ അപ്‌ഡേറ്റ് എത്തിയിട്ടുണ്ടെന്നാണ് വിവരം. എന്ന് മുതൽ ഈ ഫീച്ചർ എല്ലാ ഉപഭോക്താക്കൾക്കും ലഭിച്ചു തുടങ്ങും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.