തിരുവനന്തപുരം: ലോട്ടറി കേസിൽ നാഗാലാന്റ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിനെതിരെ കേരളം എതിർ സത്യവാങ്മൂലം സമർപ്പിച്ചു. സ്വകാര്യ ഏജൻസിയെ ലോട്ടറി വിൽക്കാൻ ഏൽപിച്ച നാഗാലാൻഡ് തീരുമാനം ചട്ടവിരുദ്ധമാണെന്ന് കേരളം ഇതിൽ ചൂണ്ടിക്കാട്ടുന്നു.
ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ കേരള സർക്കാരിന് അധികാരമുണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് നാഗാലാൻഡ് സർക്കാർ സുപ്രിം കോടതിയിൽ എത്തിയത്. സ്വകാര്യ ഏജൻസി കേരളത്തിൽ നടത്തിയ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്ന് കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.
സ്വകാര്യ ഏജൻസി വിപണയിൽ നടത്തിയത് പരിധി വിട്ടുള്ള ഇടപെടലാണെന്നും നിയമ ലംഘനം നിയന്ത്രിക്കുക മാത്രമാണ് കേരളം ചെയ്തതെന്നും പറയുന്നു. പേപ്പർ ലോട്ടറികളെ നിയന്ത്രിക്കാൻ നിയമം വഴി സംസ്ഥാനത്തിനാകും. ഇതിൽ ഫെഡറൽ തത്ത്വങ്ങളുടെ ലംഘനമില്ലെന്നും കേരളം വ്യക്തമാക്കി.
കഴിഞ്ഞ തവണ കേസ് പരിഗണിക്കുന്നതിനിടെ കേന്ദ്ര സർക്കാർ രൂപം നൽകിയ ലോട്ടറി നിയമം ചട്ടം അഞ്ച് പ്രകാരം അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസിൽ കേരളം ഉൾപ്പെടെ എല്ലാ കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഇതരസംസ്ഥാന ലോട്ടറികളുടെ വിൽപന തടഞ്ഞ കേരള സർക്കാരിൻ്റെ നടപടി ഫെഡറൽ തത്ത്വത്തിന് എതിരാണെന്ന് നാഗാലാൻഡ് സർക്കാരിൻ്റെ വാദം.എന്നാൽ നാഗാലാൻഡ് സർക്കാരിൻ്റെ ലോട്ടറി ഏജൻ്റ് പല വിധ ക്രമക്കേടുകളും വ്യാപാരത്തിൽ നടത്തിയിട്ടുണ്ടെന്ന് കേരളം കോടതിയെ അറിയിച്ചിട്ടുണ്ട്.
കേരളത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ സികെ ശശിയാണ് ഹാജരായത്. മുതിർന്ന അഭിഭാഷകൻ തുഷാർ മേത്തയാണ് നാഗാലാന്റ് സർക്കാരിന് വേണ്ടി വാദിക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ നാഗാലാന്റ് സർക്കാരിന്റെ ഹർജിയിൽ എല്ലാ സംസ്ഥാനങ്ങൾക്കും കോടതി നോട്ടീസ് അയച്ചിരുന്നു.