തിരുവനന്തപുരം: കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാറ്റിവെച്ചു. ഹർത്താലിന്റെ സാഹചര്യത്തിലാണ് നാളെ നടക്കാനിരുന്ന നറുക്കെടുപ്പ് മാറ്റിവെച്ചത്. ഇന്ന് ഹർത്താലായതിനാൽ ഭാഗ്യക്കുറി ടിക്കറ്റ് വിൽപ്പന നടത്തുവാൻ കഴിയാതെ ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും കൈവശ്യം ടിക്കറ്റ് ബാക്കി വരാൻ സാദ്ധ്യതയുണ്ടെന്ന് സംസ്ഥാന ലോട്ടറി വകുപ്പ് അറിയിച്ചു. ഈ നറുക്കെടുപ്പ് 29-ാം തിയതി നടക്കുമെന്നും ലോട്ടറി വകുപ്പ് അറിയിച്ചു.
ഇന്ന് നടത്തേണ്ടിയിരുന്ന നിർമൽ ലോട്ടറിയുടെ നറുക്കെടുപ്പും ലോട്ടറി വകുപ്പ് മാറ്റി വച്ചിരുന്നു. ഈ നറുക്കെടുപ്പ് 25-ാം തിയതി ഞായർ ഉച്ചയ്ക്കുശേഷം 2 മണിക്ക് നടക്കും. ഞായറാഴ്ച മൂന്ന് മണിക്ക് ഫിഫ്റ്റി- ഫിഫ്റ്റി ഭാഗ്യക്കുറി നറുക്കെടുപ്പും ഉണ്ടായിരിക്കുന്നതാണ്.
ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്താന്‍ പോപ്പുലര്‍ ഫ്രണ്ട് തീരുമാനിച്ചത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ആയിരുന്നു ഹർത്താൽ. രാവിലെ തന്നെ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സംഘർഷാവസ്ഥകൾ നടന്നിരുന്നു.
അതേസമയം, ഹര്‍ത്താലിനിടെ നാദാപുരത്ത് എസ്ഐയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായി. പേരോട് വാഹനങ്ങൾ തടഞ്ഞ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോഴാണ് നാദാപുരം എസ് ഐ പ്രശാന്തിനെ ഇവർ കൈയ്യേറ്റം ചെയ്തത്. നാദാപുരം സിഐയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഹര്‍ത്താലിൽ നടന്ന അക്രമങ്ങളിൽ കടുത്ത വിമർശനമാണ് കേരള ഹൈക്കോടതി ഉന്നയിച്ചത്. സംസ്ഥാനത്ത് ഇന്ന് നടന്ന ഹർത്താൽ നിയമവിരുദ്ധമാണെന്ന് പറഞ്ഞ ഹൈക്കോടതി നഷ്ടം ആരിൽ നിന്ന് ഈടാക്കുമെന്നും ചോദിച്ചു. ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിൽ നിന്നാണോ നഷ്ടം നികത്തുകയെന്നും ഹൈക്കോടതി ആരാഞ്ഞിരുന്നു.