ആലപ്പുഴ : ആലപ്പുഴയിൽ കേരളം സംസ്ഥാന ലോട്ടറിക്ക് സമാന്തരമായി മൂന്നക്ക നമ്പർ എഴുത്ത് ലോട്ടറി വില്‍പ്പന നടത്തിയ രണ്ടുപേർ പോലീസ് പിടിയിൽ. വലിയമരം സ്വദേശി ഫസലുദ്ദീൻ, മണ്ണഞ്ചേരി സ്വദേശി നൗഫൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ആലപ്പുഴ ടൗൺ, അമ്പലപ്പുഴ, പുറക്കാട് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആലപ്പുഴ സൗത്ത് പോലീസിന് മൂന്നക്ക നമ്പർ ലോട്ടറി വില്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടുന്നത്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ അതാത് ദിവസം ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിലെ അവസാന മൂന്നക്കത്തിന് സമാനമായി മൂന്നക്ക നമ്പർ ഒത്തുവന്നാൽ ഒന്നാം സമ്മാനമായി 5000 രൂപ ഇവർ സമ്മാനമായി നൽകിയിരുന്നു. ഓരോ മൂന്നക്ക നമ്പറിനും 50 രൂപ എന്ന നിരക്കിലാണ് ഇവർ ടിക്കറ്റ് വിൽപ്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.



















