എറണാകുളം : ഏലൂർ പാതാളത്ത് പ്രണയം നിരസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം. പെൺകുട്ടിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത പോലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തു റിമാൻഡിലാക്കി. ഇന്നലെ വൈകിട്ടു നാലു മണിയോടെയാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്കു നേരെ ആക്രമണമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അതിവേഗത്തിൽ തന്റെ നേരേ പാഞ്ഞു വരുന്നതു കണ്ട് ഓടി മാറിയതിനാലാണ് അപകടം ഒഴിവായതെന്നു പെൺകുട്ടി പോലീസിനോടു പറഞ്ഞു.
പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകൻ ശിവ(18), ബന്ധു കാർത്തി(18), ഇവരുടെ സുഹൃത്ത് ചിറക്കുഴി സെൽവം(34) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ ശിവ നേരത്തെ പെൺകുട്ടിയോട് ഇഷ്ടമാണെന്നു പറഞ്ഞെങ്കിലും നിരസിച്ചിരുന്നു. ഇതിന്റെ ദേഷ്യത്തിൽ നേരത്തെയും വഴിയരികിൽ നിന്നു കളിയാക്കുകയും പിന്നാലെ വരികയും ചെയ്യുമായിരുന്നെന്നു പെൺകുട്ടി പറയുന്നു. ഇന്നലെ സ്കൂൾ വിട്ടു വീട്ടിലേക്കു വരുമ്പോൾ എതിരെ ഓട്ടോറിക്ഷയുമായി വന്നു.
അടുത്തെത്തിയപ്പോൾ വേഗം കുറച്ച് അതിലുണ്ടായിരുന്ന ഒരാൾ സിഗരറ്റു കുറ്റി തന്റെ നേരെ വലിച്ചെറിയുകയും കളിയാക്കുകയും ചെയ്തെന്നു പെൺകുട്ടി പറയുന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ പിന്നിൽ നിന്നു ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോഴാണ് ഓട്ടോറിക്ഷ അതിവേഗം തന്റെ നേർക്കു പാഞ്ഞു വരുന്നതു കണ്ടത്. ചാടി മാറിയില്ലായിരുന്നെങ്കിൽ ഓട്ടാറിക്ഷ ഇടിച്ചു താൻ മരിക്കുമായിരുന്നെന്നും പെൺകുട്ടി പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു. വൈകുന്നേരത്തോടെ പോലീസിലെത്തി പരാതി നൽകിയതിനു പിന്നാലെ തന്നെ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ റിമാൻഡ് ചെയ്തിട്ടുണ്ട്.